X
    Categories: gulfNews

യുഎഇയില്‍ ഇപ്പോള്‍ കോവിഡ് ബാധിക്കുന്നത് യുവാക്കള്‍ക്കിടയിലെന്ന് ആരോഗ്യ വകുപ്പ്

 

അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊവിഡ് വ്യാപനം യുവാക്കള്‍ക്കിടയിലെന്ന് അധികൃതരുടെ വെളിപ്പെടുത്തല്‍. ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ് അടുത്തിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. തങ്ങള്‍ക്ക് രോഗം ബാധിക്കില്ലെന്ന തെറ്റായ ആത്മവിശ്വാസമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു.

കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് ദേശീയ ഉത്തരവാദിത്തമാണ്. രോഗവ്യാപനം ചെറുക്കുന്നതിനുള്ള മുന്‍കരുതലുകളെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ വലിയ ആവശ്യകതയുണ്ടെന്നും ഡോ. ഫരീദ പറഞ്ഞു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന പ്രാഥമിക ജാഗ്രതാ നിര്‍ദേശങ്ങള്‍ പോലും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം. കുടുംബ സംഗമങ്ങള്‍ പോലുള്ള സാമൂഹിക പരിപാടികളില്‍ പങ്കെടുക്കുന്നു. ഹസ്തദാനം ചെയ്യുന്നത് പോലും ഒഴിവാക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം കൂടുന്നത്, സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദേശീയ അണുനശീകരണ പരിപാടി വീണ്ടും തുടങ്ങേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

web desk 1: