X
    Categories: gulfNews

യുഎഇ-ഇസ്രയേല്‍ പൗരന്മാര്‍ക്ക് വിസ വേണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ദുബായ്: യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് വിസ ആവശ്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇക്കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറായി.ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് നെതന്യാഹു വിസ ഇളവുകളോടെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാമെന്ന് അറിയിച്ചത്.

അതേ സമയം നയതന്ത്ര കരാറിനു പിന്നാലെ യുഎഇയില്‍ നിന്നുള്ള ആദ്യത്തെ പ്രതിനിധി സംഘം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തി. നാലു കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവക്കും. സമ്പദ്‌വ്യവസ്ഥ, ശാസ്ത്രം, സാങ്കേതിക വിദ്യ, വ്യോമയാന മേഖലകളിലാണ് കരാറുകള്‍. ബെഞ്ചമിന്‍ നെതന്യാഹുവിന് പുറമെ യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മെനുഹന്‍, യുഎഇ ധനകാര്യ സഹമന്ത്രി ഉബൈദ് ഹുമൈദ് അല്‍ തായര്‍, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തുക്അല്‍ മാരി എന്നിവരും ഉച്ചകോടിയില്‍ ചേരും.

കഴിഞ്ഞ ആഗസ്റ്റിലാാണ് യുഎഇയും ഇസ്രയേലും തമ്മില്‍ നയതന്ത്ര കരാര്‍ ഒപ്പുവക്കാന്‍ ധാരണയായത്. പിന്നാലെ സെപ്തംബര്‍ 15ന് വൈറ്റ് ഹൗസില്‍ വച്ച് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ജിസിസി രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ.

അതേസമയം ഇരു രാജ്യങ്ങളിലേക്കുമായി ആഴ്ചയില്‍ 28 വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇസ്രയേല്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. വാണിജ്യ സര്‍വീസുകളാണ് ആരംഭിക്കുന്നത്.

ഇത് അംഗീകരിച്ചു കൊണ്ടുള്ള കരാറും ഇന്ന് ഒപ്പുവക്കും. ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ അനുവദിക്കുക. ഇസ്രയേലിലേക്ക് എത്ര ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും അനുമതിയുണ്ട്. പ്രതിവാരം പത്ത് ചരക്കു വിമാനങ്ങള്‍ക്കും ഇസ്രയേല്‍ അനുമതി നല്‍കുന്ന കരാറാണിത്. കരാര്‍ ഒപ്പു വച്ച ശേഷം ആഴ്ചകള്‍ക്കുള്ളില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു.

 

web desk 1: