X

യു.എ.ഇയുടെ റാഷിദ് റോവര്‍ 25ന് ചന്ദ്രനിലിറങ്ങും

ഹകുതോര്‍ മിഷന്‍ 1 ലൂണാര്‍ ലാന്‍ഡറിലുള്ള റാഷിദ് റോവര്‍ ഈ മാസം 25ന് രാത്രി 8.40ന് ചന്ദ്രനില്‍ ഇറങ്ങുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ്‌സി) അറിയിച്ചു. പ്രവര്‍ത്തന സാഹചര്യങ്ങളെ ആശ്രയിച്ച് ലാന്‍ഡിംഗ് ദിവസത്തില്‍ മാറ്റമുണ്ടാവാനിടയുണ്ട്. റാഷിദ് റോവര്‍ നിലവില്‍ ചന്ദ്രനെ വലം വയ്ക്കുന്നത് പെരിലൂണില്‍ (പെരിയാപ്‌സിസ്) ഏകദേശം 100 കിലോമീറ്ററും അപ്പോലൂണില്‍ (അപ്പോപ്‌സിസ്) ഏകദേശം 2,300 കിലോമീറ്ററും ഉയരത്തിലാണ്. ഭ്രമണപഥത്തില്‍ ചന്ദ്രന്റെ കേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള ബിന്ദുക്കളെ പെരിലൂണ്‍ എന്നും ഏറ്റവും ദൂരെയുള്ളതിനെ അപോലൂണ്‍ എന്നും വിളിക്കുന്നു.
ഈ മാസം 25ന് രാത്രി 7.40ന് റാഷിദ് റോവര്‍ വഹിക്കുന്ന ലാന്‍ഡര്‍ ലാന്‍ഡിംഗ് സീക്വന്‍സ് ആരംഭിക്കുന്നതിന് മുന്‍പ് ചന്ദ്രനു ചുറ്റും 100 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്താന്‍ ഒന്നിലധികം പരിക്രമണ നിയന്ത്രണ നീക്കങ്ങള്‍ നടത്തും. ലാന്‍ഡിംഗ് ക്രമത്തില്‍ ലാന്‍ഡര്‍ ഒരു ബ്രേക്കിംഗ് ബേണ്‍ നടത്തുകയും അതിന്റെ പ്രധാന പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഭ്രമണപഥത്തില്‍ നിന്ന് വേഗം കുറയ്ക്കുകയും ചെയ്യും. പ്രീസെറ്റ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ലാന്‍ഡര്‍ അതിന്റെ ഉയരം ക്രമീകരിക്കുകയും വേഗം കുറയ്ക്കുകയും മാരേ ഫ്രിഗോറിസിലെ അറ്റ്‌ലസ് ക്രേറ്ററിന്റെ സൈറ്റില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയും ചെയ്യും.
ഇഎല്‍എം ടീം ലാന്‍ഡിംഗിന് മുന്‍പ് ലോകത്തിലെ ഏറ്റവും സൗകര്യപ്രദമായ നിലയില്‍ റോവറുമായി മൊത്തം 370 മിനിറ്റ് ആശയ വിനിമയം പൂര്‍ത്തിയാക്കും. കൂടാതെ, ഉപരിതല പ്രവര്‍ത്തനങ്ങള്‍ക്കായുള്ള 12 മിഷന്‍ റിഹേഴ്‌സലുകളും നടത്തും. പ്രവര്‍ത്തന സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ അടുത്ത ലാന്‍ഡിംഗ് ഏപ്രില്‍ 26, മെയ് 1, 3 തീയതികളില്‍ സജ്ജീകരിച്ചിരിക്കുന്ന മൂന്ന് ബദല്‍ ലാന്‍ഡിംഗ് സൈറ്റുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

 

Chandrika Web: