X

യു.എ.ഇയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല; പ്രവാസികള്‍ക്ക് ആശ്വാസം

ദുബൈ: ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന പ്രവാസികള്‍ ഇനി മുതല്‍ യുഎഇയിലെ ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് അധികൃതര്‍. എയര്‍ലൈന്‍സുകള്‍ വഴി നേരിട്ട് ടിക്കറ്റ് ബുക്കു ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയുമായി എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പുവച്ച ഏഴ് രാഷ്ട്രങ്ങള്‍ക്കാണ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം ഈ ഇളവു നല്‍കിയത്. കോവിഡ് മഹാമാരി മൂലം സമ്പൂര്‍ണ വാണിജ്യ വിമാനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള താല്‍ക്കാലിക കരാര്‍ ആണിതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. നിലവില്‍ യുഎഇയുമായും മറ്റു ആറ് രാജ്യങ്ങളുമായാണ് ഈ കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്. മറ്റു രാഷ്ട്രങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ ഇനി രജിസ്റ്റര്‍ ചെയ്യേണ്ടത്തില്ല. എയര്‍ലൈന്‍സില്‍ നേരിട്ട് ബുക്കു ചെയ്ത് ടിക്കറ്റെടുക്കാം- ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ വ്യക്തമാക്കി.

യുഎഇക്ക് പുറമേ, കരാറില്‍ ഒപ്പുവച്ച യുഎസ്, യുകെ, ഫ്രാന്‍സ്, കനഡ, ജര്‍മനി, ഖത്തര്‍ രാഷ്ട്രങ്ങളിലും ഇനി അതാതു മിഷനുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

അതിനിടെ, ദുബായ് രാജ്യാന്തരവിമാനത്താവളം വഴി ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേ സമയം ഇന്ത്യ വഴി കണക്ഷന്‍ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് 96 മണിക്കൂര്‍ സമയപരിധിയിലുള്ള കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് പോകുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം.

Test User: