X
    Categories: gulfNews

യുഎഇ നിങ്ങള്‍ക്ക് വീടാണ്, ഞാന്‍ നിങ്ങളുടെ സഹോദരനും; കോവിഡ് പോരാട്ടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ നേരില്‍ വിളിച്ച് ശൈഖ് മുഹമ്മദ്

അബുദാബി: രാജ്യത്തിനായി ജീവന്‍ ത്യജിച്ച കോവിഡ് മുന്നണിപ്പോരാളികളുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് സാന്ത്വനം അറിയിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. മരണപ്പെട്ടവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളോടാണ് അദ്ദേഹം സംസാരിച്ചത്. ‘നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത് ആത്യന്തികമായ സമ്മാനമാണ്. ഏത് സമയത്തും നിങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു കുടുംബമുണ്ട്, മുഹമ്മദ് ബിന്‍ സായിദ് എന്ന ഒരു സഹോദരനുമുണ്ട്’-ശൈഖ് മുഹമ്മദ് കുടുംബങ്ങളെ അറിയിച്ചു.

കോവിഡ് പോരാട്ടത്തിനിടെ മരണപ്പെട്ട സീനിയര്‍ ലബോറട്ടറി ടെക്‌നീഷ്യനായിരുന്ന അഹമ്മദ് അല്‍ സബായിയുടെ സഹോദരന്‍ മുഹമ്മദ് അല്‍ സബായിയെയാണ് അദ്ദേഹം ആദ്യമായി ഫോണില്‍ വിളിച്ചത്. അന്‍വര്‍ അലി പി, ലെസ്ലി ഓറിന്‍ ഒകാംപോ, ഡോ ബസ്സാം ബെര്‍ണീഹ്, ഡോ സുധീര്‍ വാഷിംകര്‍ എന്നിവരുടെ കുടുംബാംഗങ്ങളെയും ശൈഖ് മുഹമ്മദ് ഫോണില്‍ വിളിച്ച് നന്ദിയും പിന്തുണയും അറിയിച്ചു.

അല്‍ ഐനിലെ ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍ വാഷിംകാറിന്റെ ഭാര്യ ഡോ. വര്‍ഷ വാഷിംകാറിനോടും എയര്‍പോര്‍ട്ട് റോഡിലെ മെഡ് ക്ലിനിക് ഹോസ്പിറ്റലിലെ പേഷ്യന്റ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന അന്‍വര്‍ അലി പിയുടെ ഭാര്യ തന്‍സീം ബാനുവിനോടും ശൈഖ് മുഹമ്മദ് സംസാരിച്ചു.

‘ഇങ്ങനെയുള്ള ആളുകളുടെ ത്യാഗം പകരം വെയ്ക്കാനാവാത്തതാണ്. നിങ്ങള്‍ ഞങ്ങളുടെ സഹോദരിയാണ്, മകളാണ്, ഇത് നിങ്ങളുടെ രാജ്യമാണ്, ഞങ്ങള്‍ നിങ്ങളുടെ കുടുംബവും’ മെഡിക്ലിനിക് അല്‍ ഐന്‍ ഹോസ്പിറ്റലിലെ ഡോ ബസ്സാം ബെര്‍ണീഹയുടെ ഭാര്യ റാണ അല്‍ ബുന്നിയോട് സംസാരിക്കവേ ശൈഖ് മുഹമ്മദ് പറഞ്ഞു.

 

 

web desk 1: