X
    Categories: gulfNews

അബുദാബിയില്‍ ഇനി ചുവപ്പ് സിഗ്‌നല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വട്ടം കറങ്ങും

റസാഖ് ഒരുമനയൂര്‍

അബുദാബി: അബുദാബിയില്‍ വാഹനമോടിക്കുന്നവര്‍ ട്രാഫിക് സിഗ്‌നലുകളില്‍ അതിസൂക്ഷ്മത പാലിച്ചില്ലെങ്കില്‍ ജീവിതം തന്നെ തുലയും. അപകടങ്ങള്‍ പരമാവധി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി പൊലീസ് നടപ്പാക്കുന്ന കടുത്ത നിയമങ്ങള്‍ എന്നും ഏറെ ശ്രദ്ധേയമാണ്. ഇക്കുറി പുറത്തിറക്കിയ നിയമങ്ങള്‍ വാഹനമോടിക്കുന്നവരെ കൂടുതല്‍ ശ്രദ്ധാലുക്കളും ജാഗരൂകരുമാക്കുന്ന വിധത്തിലുള്ളതാണ്.

ട്രാഫിക് സിഗ്‌നലുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നതുമൂലമാണ്. അതുകൊണ്ടുതന്നെ ശക്തമായ മുന്നറിയിപ്പാണ് ഇതുസംബന്ധിച്ച് അബുദാബി പൊലീസ് നല്‍കിയിട്ടുള്ളത്. ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ പിഴ ആയിരം ദിര്‍ഹം നല്‍കണം. എന്നാല്‍ ആയിരമല്ലെ എന്നുകരുതി ആരും ആശ്വസിക്കേണ്ട. സംഗതി അവിടം കൊണ്ടൊന്നും തീരില്ല. ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും പ്രാഥമികം മാത്രം. ലൈസന്‍സ് ആറുമാസത്തേക്ക് അസാധുവാകും. വാഹനം ഒരുമാസത്തേക്ക് കണ്ടുകെട്ടും. അവിടെയാണ് താങ്ങാനാവാത്ത തുക വേണ്ടിവരുന്നത്. ഒരുമാസത്തിനുശേഷം വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000ദിര്‍ഹം അടക്കണം. ഒരുപക്ഷെ വാഹനത്തിന്റെ ഇതിനേക്കാള്‍ വളരെ കുറവായിരിക്കാം. അതുകൊണ്ടുതന്നെ വാഹനം വേണ്ടെന്ന് വെക്കാമെന്നൊന്നും ആരും കരുതേണ്ട. വാഹനമോടിച്ചയാളുടെ ലൈസന്‍സിലും പൊലീസ് ഫയലിലും സംഗതി മായാതെ കിടക്കും.

വാഹന മോടിക്കുന്നതില്‍ സൂക്ഷ്മത പാലിക്കുകയല്ലാതെ ഇക്കാര്യത്തില്‍ മറ്റുയാതൊരുവിധ വിട്ടുവീഴ്ചയും ആരും പ്രതീക്ഷിക്കേണ്ടതില്ല. നേരത്തെ ഇത് ചെറിയ തുക മാത്രമായിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് അബുദാബി പൊലീസ് നിയമങ്ങള്‍ കര്‍ക്കശമാക്കിയിട്ടുള്ളത്. അടുത്തകാലത്തായി ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കനപ്പിച്ചതോടെ അബുദാബിയില്‍ വാഹനപകടങ്ങള്‍ തീരെ കുറഞ്ഞിട്ടുണ്ട്. മരണസംഖ്യയിലും ഗണ്യമായ കുറവാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: