X

ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസംഗം, നടപടി വേണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്

സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന, തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിദ്വേഷ പ്രസംഗമാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് 260ലേറെ പ്രമുഖ വ്യക്തികളുടെ കത്ത്. മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

ഉദയനിധി വിദ്വേഷ പ്രസംഗം നടത്തുക മാത്രമല്ല, അതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കത്തില്‍ പറയുന്നു. രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തിനെതിരായ വിദ്വേഷ പ്രസംഗമാണ് ഉദയനിധി നടത്തിയത്. മതേതരത്വം എന്ന അടിസ്ഥാന ഭരണഘടനാ മൂല്യത്തിന് എതിരാണ് പ്രസംഗമെന്ന്, 14 ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കത്തില്‍ കുറ്റപ്പെടുത്തി. 130 മുന്‍ ബ്യൂറോക്രാറ്റുകളും 118 മുന്‍ സൈനിക ഉദ്യോഗസ്ഥരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

രാജ്യത്തിന്റെ മതേതര സ്വാഭാവം സംരക്ഷിക്കാന്‍ ഇതിനെതിരെ നടപടി വേണം. സര്‍ക്കാര്‍ ഇതിനു മടിക്കുന്ന സാഹചര്യത്തില്‍ കോടതി ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കാതിരിക്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ നടപടി കോടതിയലക്ഷ്യമാണ്. നിയമ വാഴ്ചയുടെ നഗ്‌നമായ ലംഘനമാണിത്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ നടപടികളിലേക്കു കടക്കണമെന്ന കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്വേഷ പ്രസംഗം നടന്നാല്‍ പരാതിക്കു കാത്തുനില്‍ക്കാതെ എത്രയും വേഗം നടപടിയെടുക്കണമെന്ന മുന്‍ സുപ്രീം കോടതി ഉത്തരവ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

webdesk13: