X

മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ യുഡിവൈഎഫ് ഉപരോധിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പീഡനത്തിനിരയായ യുവതിയെ പിന്തുണച്ചതിൻ്റെ പേരിൽ സ്‌ഥലംമാറ്റ നടപടി നേരിട്ട സീനിയർ നഴ്‌സിങ് ഓഫിസർ പി. ബി. അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ ഉപരോധിച്ചു.

കഴിഞ്ഞ ഒന്നാം തീയതി ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവുമായി എത്തിയെങ്കിലും അനിതയെ ജോലി ചെയ്യാൻ ഇതുവരെ മെഡിക്കൽ കോളജ് അധികൃതർ അനുവദിച്ചിട്ടില്ല. നീതി നിഷേധത്തിനു എതിരെ പ്രിൻസിപ്പൽ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്ന അനിതയ്ക്ക് യു.ഡി.വൈ.എഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അനിതയെ ജോലിയിൽ തിരിച്ചെടുത്തു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകുന്നില്ലെങ്കിൽ സമരം തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് അധികൃതരുമായി നടത്തിയ ചർച്ചയിൽ യു.ഡി.വൈ.എഫ് നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്നലെയും ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിലാണ് യുഡിവൈഎഫിൻ്റെ നേതൃത്വത്തിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.പത്മനാഭനെ ഉപരോധിച്ചത്.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ, ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ, എം.ഷിബു, ഷഫീക്ക് അരക്കിണർ, എ.ഷിജിത്ത് ഖാൻ, ഷൗക്കത്ത് വിരുപ്പിൽ, എം.ജിതിൻ, സലൂജ് രാഘവൻ, ജിമീഷ് കോട്ടുളി, സി.ഷാജി, സന്ദീപ് ചെലവൂർ, കെ.സി. പ്രവീൺ എന്നിവർ നേതൃത്വം നൽകി. ഉപരോധസമരം നീണ്ടതോടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സീനിയർ നഴ്‌സിങ് ഓഫിസർ പി. ബി.അനിതയെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നത് വരെ സമരം തുടരുമെന്ന് യുഡിവൈഎഫ് നേതാക്കൾ അറിയിച്ചു.

webdesk13: