X

50 തരം അര്‍ബുദങ്ങളറിയാന്‍ പരിശോധന പഠനവുമായി ബ്രിട്ടന്‍

ലണ്ടന്‍: രോഗലക്ഷണങ്ങള്‍ കാണുന്നതിനു മുന്‍പ് ഒറ്റ രക്തപരിശോധനയിലൂടെ 50 തരം അര്‍ബുദങ്ങള്‍ കണ്ടെത്തുന്ന ഗാല്ലെരി പരിശോധനയെക്കുറിച്ചുള്ള പഠനം ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്.) ആരംഭിച്ചു. പ്രാഥമിക ഫലങ്ങള്‍ 2023-ഓടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണങ്ങളില്‍ പങ്കെടുക്കാന്‍ 50-77 ഇടയില്‍ പ്രായമുള്ള പതിനായിരത്തോളംപേര്‍ക്ക് എന്‍.എച്ച്.എസ്. കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അര്‍ബുദചികിത്സ തേടാത്തവരോട് രക്തസാംപിളുകള്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്. ബയോടെക്നോളജിക്കല്‍ കമ്പനിയായ ഗ്രെയ്ലാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. കാന്‍സര്‍ റിസര്‍ച്ച് യു.കെ യും ലണ്ടനിലെ കിങ്‌സ് കോളജും പങ്കാളികളാകും. അര്‍ബുദം ഏതുതരത്തിലുള്ളതാണെന്ന് കണ്ടെത്തുക മാത്രമല്ല, അതു ബാധിക്കുന്ന ശരീരഭാഗത്തെ കൃത്യതയോടെ കണ്ടെത്താനും പരിശോധന സഹായകമാകുമെന്ന് ഗ്രെയ്ലിന്റെ യൂറോപ്യന്‍ പ്രസിഡന്റും ഇന്ത്യന്‍ വംശജനായ അര്‍ബുദഗവേഷകനുമായ ഹര്‍പല്‍ കുമാര്‍ പറഞ്ഞു. എന്‍.എച്ച്.എസുമായി സഹകരിച്ച് വളരെവേഗം പരിശോധന ജനങ്ങളിലേക്കെത്തിക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

web desk 3: