X

തളിക്കണം സഹിഷ്ണുതയുടെ തെളിനീര്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

മതവിശ്വാസികള്‍ക്കിടയില്‍ അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ‘ലഹരികള്‍’ വിതറി വിശ്വാസികളുടെ ഹൃദയങ്ങളില്‍ അന്ധകാരം പടര്‍ത്തുന്ന പ്രവണതകളാണ് അടുത്തകാലങ്ങളിലായി സംസഥാനം കണ്ടുകൊണ്ടിരിക്കുന്നത്. ഏതൊന്നിനെയും വര്‍ഗീയമായി നിരീക്ഷിക്കുന്ന അവസ്ഥയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു. വളരെ അപകടകരമായ ഈ സ്ഥിതിവിശേഷം നാടിനെ സ്‌ഫോടനാത്മകമാക്കിക്കൊണ്ടിരിക്കുന്നു. അതിശക്തമായ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടു സംഘ്പരിവാര്‍ ഒരുക്കുന്ന കെണിയില്‍ അറിഞ്ഞോ അറിയാതെയോ മതനേതാക്കള്‍ പെട്ടുപോകുന്നു എന്നത് പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയെയാണ് ബോധ്യപ്പെടുത്തുന്നത്. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളില്‍ ചിലര്‍ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രശ്‌നങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വേണ്ടി നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നു. മതവും സമുദായവും പറഞ്ഞ് പരസ്പരം കടിച്ചുകീറുന്ന അവസ്ഥയിലേക്ക് ചാനല്‍ ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളിലെ തര്‍ക്കങ്ങളും മാറിയിരിക്കുന്നു. ഇതെല്ലാം കണ്ടിട്ടും സഹിഷ്ണുതയുടെ തെളിനീര്‍ തളിക്കാന്‍ നവോത്ഥാനത്തിന്റെ പെരുമ പറയുന്ന കേരളീയ പൊതുസമൂഹത്തിന് സാധിക്കുന്നില്ലെങ്കില്‍ കേരളം ആര്‍ജ്ജിച്ചെടുത്തുവെന്ന് ഉല്‍ഘോഷിക്കുന്ന ഉന്നതമായ മതനിരപേക്ഷത കാപട്യമാണെന്ന് പറയേണ്ടിവരും.

കേരളം വിവിധ മതവിഭാഗങ്ങള്‍ പണ്ടുമുതലേ സഹിഷ്ണുതയോടെ ജീവിച്ചുവന്ന നാടാണ്. എല്ലാ സമുദായങ്ങളില്‍നിന്നും തലയെടുപ്പുള്ള പരിഷ്‌കര്‍ത്താക്കള്‍ ഉണ്ടായിട്ടുണ്ട്. ചാവറയച്ചനും ശ്രീനാരായണഗുരുവും വക്കം മൗലവിയുമെല്ലാം ജനിച്ചുവളര്‍ന്ന മണ്ണ് മതസൗഹാര്‍ദ്ദത്തിന്റെയും സാമുദായിക സഹിഷ്ണുതയുടെയും ഈറ്റില്ലമായാണ് അറിയപ്പെട്ടത്. കേരളത്തിലെ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ വളരെ സൗഹാര്‍ദ്ദത്തോടെയാണ് ജീവിച്ചുവന്നത്. സംഘ്പരിവാറിന് രാഷ്ട്രീയമായി മുന്നേറാന്‍ സാധിക്കാതിരിക്കുന്നതിന്റെ പ്രധാന കാരണവും ഈ സൗഹാര്‍ദ്ദം നിര്‍മ്മിച്ചെടുത്ത മതനിരപേക്ഷ മതിലാണ്. മലപ്പുറത്ത് ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനുണ്ടായ തടസ്സം ഇല്ലാതാക്കിയത് അവിടുത്തെ മുസ്‌ലിംകളായിരുന്നു എന്നാണ് ചരിത്രം. പി.എം.എസ്.എ പൂക്കോയതങ്ങളായിരുന്നു അതിന് മുന്നില്‍നടന്നത്. അങ്ങാടിപ്പുറത്തെ ക്ഷേത്രമതിലിന് സാമൂഹ്യദ്രോഹികള്‍ തീകൊളുത്തിയപ്പോള്‍ അത് ശമിപ്പിക്കാനും പുനര്‍നിര്‍മ്മിക്കാനും മുന്നില്‍നിന്നത് അദ്ദേഹത്തിന്റെ പുത്രന്‍ ശിഹാബ് തങ്ങളായിരുന്നു. സാമൂതിരി നല്‍കിയ ഭൂമിയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളി ഇന്നും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി നില്‍ക്കുന്നു. ഇങ്ങനെ പരസ്പരം കൊണ്ടും കൊടുത്തുമാണ് കേരളത്തിലെ എല്ലാ മതവിഭാഗങ്ങളും തോളോട് തോളുരുമ്മി ജീവിച്ചുവന്നത്.

1924ല്‍ കേരളത്തില്‍ ആദ്യമായി മതസൗഹാര്‍ദ്ദ സമ്മേളനം നടന്നത് ആലുവ മണപ്പുറത്ത് വെച്ചായിരുന്നു. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ മതങ്ങളിലെ നേതാക്കളും പണ്ഡിതരും പങ്കെടുത്ത സമ്മേളന കവാടത്തില്‍ ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്നായിരുന്നു എഴുതിവെച്ചിരുന്നത്. പ്രസ്തുത സമ്മേളനത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് സംബന്ധിച്ചത് മഹാനായ ഇ.കെ മൗലവിയായിരുന്നു. മൗലവിയുടെ പ്രസംഗം കേട്ട് ഹര്‍ഷപുളകിതനായ ഗുരു മൗലവിയോട് പറഞ്ഞു: ‘എന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ശാപം മദ്യപാനമാണ്. നിങ്ങളുടെ സമുദായത്തിന്റേത് വിദ്യാഭ്യാസമില്ലായ്മയും’. ഓരോ സമുദായത്തിന്റെയും പ്രശ്‌നങ്ങള്‍ പരസ്പരം പങ്കുവെച്ച് പരിഹാരം തേടിയിരുന്നവരായിരുന്നു പഴയകാല സമുദായനേതാക്കള്‍.

സമുദായങ്ങള്‍ പരസ്പരം ഒന്നിച്ചിരിക്കുന്നതിനും ആശയങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിനും പഴയകാലത്തെ പോലെയുള്ള സാഹചര്യങ്ങള്‍ കുറഞ്ഞിരിക്കുന്നു. 1959 ലെ വിമോചന സമരത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇ.എം.എസ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയമായിരുന്നു. ക്രിസ്ത്യന്‍ സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമത്തിനെതിരെ നടന്ന സമരം വിജയിച്ചത് സഹോദര സമുദായമെന്ന നിലക്ക് ബാഫഖി തങ്ങളുടെയും മുസ്‌ലിംലീഗിന്റെയും നേതൃത്വത്തില്‍ മുസ്‌ലിം സമുദായത്തിന്റെകൂടി പങ്കാളിത്തം വഴിയായിരുന്നു. ബാബരി മസ്ജിദ് വിവാദ കാലത്ത് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കുണ്ടുകുളം പോലെയുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് ഊടുംപാവും നല്‍കിയിട്ടുണ്ട്. ഇങ്ങനെ പരസ്പരം സഹായിച്ചും സഹകരിച്ചുംകൊണ്ടാണ് കേരളത്തിലെ എല്ലാ സമുദായങ്ങളും ഇത്രയുംകാലം കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ പരിപോഷിപിപ്പിച്ചതും ഫാസിസം കേരളത്തിലേക്ക് നുഴഞ്ഞുകയറുന്നതിനെ പ്രതിരോധിച്ചതും. മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഇഴപിരിയാത്ത സഹോദര സമുദായങ്ങളാകുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ‘ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം’ (ഖുര്‍ആന്‍ 5:82). ക്രിസ്തീയ സമുദായത്തിന്റെ സ്‌നേഹം, കാരുണ്യം തുടങ്ങിയ ഗുണങ്ങളെയും അവരിലെ വളരെ നല്ല ഭയഭക്തരെയും പ്രശംസിക്കാനും ഖുര്‍ആന്‍ വിട്ടുപോയിട്ടില്ല. ഇരുമതങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ ആരോഗ്യകരവും സ്‌നേഹത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ മാര്‍ഗങ്ങളിലൂടെ മാത്രമാണ് ചര്‍ച്ച ചെയ്യേണ്ടത്. പരസ്പരം വൈരവും വെറുപ്പും സമ്മാനിക്കുന്ന തരത്തിലുള്ള അനാരോഗ്യകരവും വിനാശകരവുമായ തര്‍ക്കങ്ങള്‍ ഒരു ഫലവും ചെയ്യില്ല. പരസ്പരം ആക്ഷേപിച്ചു സംസാരിക്കാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല.

എല്ലാ മതങ്ങളിലെയും പണ്ഡിതന്മാരെയും നേതാക്കളെയും ആദരിക്കുകയും മതങ്ങളിലെ അനുഷ്ഠാനാചാരങ്ങളെ പരസ്പരം അവഹേളിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് എല്ലാ മതങ്ങളുടെയും വേദഗ്രന്ഥങ്ങളും ഉത്തരവാദപ്പെട്ട പണ്ഡിതന്മാരും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനു വിരുദ്ധമായി ഏതെങ്കിലും ഒറ്റപ്പെട്ട പണ്ഡിതന്മാരോ നേതാക്കളോ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനാണ് സമൂഹം തയ്യാറാവേണ്ടത്. ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പോലെയുള്ള കാര്യങ്ങളില്‍ ഒരു സത്യവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കിയതാണ്. രാജ്യത്ത് നടക്കുന്ന പ്രതിലോമ പ്രവര്‍ത്തനങ്ങളുടെ കൂടെ ‘ജിഹാദ്’ എന്ന പദം കൂട്ടിച്ചേര്‍ത്ത് മുസ്‌ലിം വിരുദ്ധ മനോഭാവം വളര്‍ത്തിയെടുത്തുകൊണ്ടുള്ള രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കള്‍ സംഘ്പരിവാര്‍ ആണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പാവപ്പെട്ട ക്രിസ്ത്യന്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് അവരില്‍ മുസ്‌ലിം വിരുദ്ധ വര്‍ഗീയത വളര്‍ത്തിയെടുക്കാന്‍ സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സംഘ്പരിവാര്‍ വളമിട്ട് പരിപോഷിപ്പിക്കുന്ന ഈ രാഷ്ട്രീയത്തെ തിരിച്ചറിയാതെ അതിന്റെ കൂടെ സഞ്ചരിക്കാനാണ് പാലായുടെ ചുറ്റുവട്ടങ്ങളിലുള്ള ചില രാഷ്ട്രീയനേതാക്കള്‍ ശ്രമിക്കുന്നത്. വോട്ടുബാങ്ക് മാത്രം മുന്നില്‍ കണ്ടുകൊണ്ട് ഇല്ലാത്ത കാര്യങ്ങള്‍ക്ക് ‘സര്‍ട്ടിഫിക്കറ്റ്’ നല്‍കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ചില പത്രമാധ്യമങ്ങളും ആ വഴിക്ക്തന്നെ സഞ്ചരിക്കുന്നു. എരിതീയില്‍ എണ്ണ ഒഴിക്കുന്ന നടപടി മാത്രമാണിത്. ആരോപണം സത്യമാണെങ്കില്‍ അതിന്റെ തെളിവുകള്‍ പൊലീസിന് കൈമാറുകയും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയും വേണം. പക്ഷേ തെളിവുകളില്ലാതെ അന്തരീക്ഷത്തിലേക്ക് ആരോപണങ്ങള്‍ തൊടുത്തുവിടുക മാത്രമാണെങ്കില്‍ ഏതു സമുദായത്തില്‍പെട്ടവരായാലും അതിനെ ന്യായീകരിക്കാന്‍ മുതിരരുത്. രാഷ്ട്രീയത്തിലും പൊതുകാര്യങ്ങളിലും നൈതികതയും സത്യസന്ധതയുമാണ് ആവശ്യം. അക്രമങ്ങള്‍ക്കും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും മതമില്ല. എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരിലും കുറ്റകൃത്യങ്ങളുടെ ഭാഗമായുള്ളവരുണ്ട്. മദ്യവും ലഹരിയും പരസ്ത്രീ ബന്ധങ്ങളും അതികഠിനമായ പാരത്രിക ശിക്ഷ ലഭിക്കുന്ന വന്‍പാപങ്ങളാണെന്നാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. ആരോപണത്തിനുള്ള മറുപടി എന്ന നിലയില്‍ അശ്ലീലവും അപക്വതയും നിറഞ്ഞ പദവിസര്‍ജ്ജനങ്ങളിലൂടെ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തടയപ്പെടേണ്ടതുണ്ട്. തിരിച്ചുപിടിക്കേണ്ടത് സൗഹൃദമാണ്.

മതം അടിച്ചേല്‍പ്പിക്കാനുള്ളതല്ല. ഭൗതിക വസ്തുക്കള്‍ നല്‍കി പ്രലോഭനത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്നാണ് ഇസ്‌ലാമിന്റെ നിലപാട്. വൈദ്യസഹായം നല്‍കിയും വിദ്യാഭ്യാസം നല്‍കിയും മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നത് കുറ്റകരമാണ്. മതം ഒരാളുടെ ഹൃദയത്തിന്റെ ബോധ്യമാണ്. വേഷംകൊണ്ടോ പേരുകൊണ്ടോ ഒരാളും ഒരു മതത്തെ ഉള്‍ക്കൊള്ളുന്നില്ല. ‘എന്റെ ജനങ്ങളെ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിക്കുക, ഞാന്‍ എന്റെ നിലപാടാനുസരിച്ചും’ എന്നു പറയാനാണ് പ്രവാചകന്മാര്‍പോലും കല്‍പിക്കപ്പെട്ടിട്ടുള്ളത്. ബലാത്കാരമോ പ്രലോഭനങ്ങളോ വഴി മതപരിവര്‍ത്തനം നടത്തുന്നത് ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ കുറ്റകരമാണ്. കാരണം അത് ഒരാളുടെ മൗലിക സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. എന്നാല്‍ ഒരാള്‍ക്ക് സ്വയം ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ അയാള്‍ ഒരു മതം സ്വീകരിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശവുമില്ല. ‘വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അവയില്‍ നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരാണ് ബുദ്ധിമാന്മാര്‍’ എന്നാണ് ഖുര്‍ആനിക വീക്ഷണം. നമ്മുടെ ഭരണഘടനയും ഇതുതന്നെയാണ് പറയുന്നത്.

മറ്റു മതങ്ങളെ ഭര്‍ത്സിക്കുന്ന പ്രവണതയെ ആരും പ്രോത്സാഹിപ്പിക്കരുത്. അന്യമതനിന്ദ നടത്തിക്കൊണ്ട് സ്റ്റേജിലും പേജിലും സമൂഹ മാധ്യമങ്ങളിലും വിളയാടുന്നവരെയും നിയന്ത്രിക്കാന്‍ പൊതുസമൂഹം മുമ്പോട്ടുവരേണ്ടതുണ്ട്. മത സൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും പരസ്പര വിശ്വാസത്തിനും കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അതത് മതസമൂഹങ്ങളില്‍നിന്ന് തന്നെ ഉണ്ടാവേണ്ടതുണ്ട്. കേരളത്തിലെ വിവിധ വിഭാഗങ്ങളിലെ മതനേതാക്കള്‍ അങ്ങേയറ്റത്തെ സൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. വിവിധ മതവിഭാഗങ്ങളിലെ ഉന്നതരും പക്വമതികളുമായ പണ്ഡിതനേതാക്കള്‍ ഒന്നിച്ചിരുന്ന് പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തെളിനീരുകള്‍ തളിച്ച് ആളിപ്പടരുന്ന വര്‍ഗീയാഗ്‌നിയെ കെടുത്താന്‍ അതിനു മാത്രമേ സാധിക്കൂ.

 

 

web desk 3: