X
    Categories: gulfNews

വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍; ഉംറകര്‍മം ഒക്ടോബര്‍ നാല് മുതല്‍ തുടങ്ങും

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദിയുടെ 90-ാ മത് ദേശീയദിനത്തില്‍ വിശ്വാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവെച്ച വിശുദ്ധ ഉംറ കര്‍മം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ നാല് മുതല്‍ ഉംറ കര്‍മ്മത്തിന് അനുമതി നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതായി മന്ത്രാലയം വെളിപ്പെടുത്തി. ഒക്ടോബര് നാല് മുതല്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും നവംബര്‍ ഒന്ന് മുതല്‍ വിദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഉംറ കര്‍മ്മത്തിനുള്ള അവസരം നല്‍കും. കോവിഡ് ഭീഷണിയില്ലെന്ന് സഊദി ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങള്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നാകും വിദേശികളായവര്‍ക്ക് അനുമതി ലഭിക്കുക. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ‘CA¯aÀ\’ ആപ്പ് ഉപയോഗിച്ചായിരിക്കും തീര്ഥാടകര്‍ക്കും നിസ്‌കാരത്തിനെത്തുന്നവര്‍ക്കും പ്രവേശനം നല്‍കുക .

ആഭ്യന്തര തീത്ഥാടകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഉംറക്കുള്ള അവസരം നല്‍കുക. ഒരു ദിവസം ആറായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള അവസരമാണുണ്ടാവുക. സാധാരണ ഗതിയില്‍ ഓരോ ദിവസവും ഉംറ ചെയ്യുന്നവരുടെ മുപ്പത് ശതമാനമായിരിക്കും ആദ്യഘട്ടത്തില്‍ അനുവദിച്ചുള്ള എണ്ണം. സഊദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ ഒക്‌ടോബര്‍ 18 മുതല്‍ ഉംറ നിര്‍വഹിക്കുന്നതോടൊപ്പം പ്രവാചക നാഗരിയായ മദീനയില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതിയുണ്ടാകുഃ. പതിനയ്യായിരം പേര്‍ക്ക് ഉംറക്കുള്ള അവസരവും (സാധാരണ ഗതിയില്‍ ഓരോ ദിവസവും ഉംറ ചെയ്യുന്നവരുടെ എഴുപത്തിയഞ്ച് ശതമാനം) അതോടൊപ്പം ഇരു ഹറമുകളിലും നാല്പതിനായിരം പേര്‍ക്ക് നിസ്‌കാരത്തിനുള്ള അനുമതിയും നല്‍കും. മൂന്നാം ഘട്ടത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ആഭ്യന്തര തീര്ഥാടകരോടൊപ്പം അന്താരാഷ്ട്ര തീത്ഥാടകര്‍ക്കും ഉംറക്കുള്ള അനുമതി ലഭ്യമാകും. സാധാരണ ഗതിയില്‍ ഒരു ദിവസം അനുവദിക്കുന്ന ഇരുപതിനായിരം പേര്‍ക്ക് ഈ സമയം മുതല്‍ ഉംറ ചെയ്യാന്‍ സാധിക്കും. മൂന്നാം ഘട്ടത്തില്‍ അറുപതിനായിരം പേര്‍ക്കാകും ഇരു ഹറമുകളിലും നിസ്‌കരിക്കാനുള്ള അനുമതിയുണ്ടാവുക.

നാലാം ഘട്ടത്തില്‍ സഊദി ആരോഗ്യ മന്ത്രാലയം രാജ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ കോവിഡ് മുക്തമാണെന്ന് പ്രഖ്യാപിക്കുന്ന സമയം മുതല്‍ മുന്കാലങ്ങളിലെന്ന പോലെ ഇരുഹറമുകളുടെയും ശേഷിക്കനുസരിച്ച് ആഭ്യന്തര വിദേശ തീര്‍ത്ഥാടകര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും നിസ്‌കാരത്തില്‍ പങ്കെടുക്കാനും പ്രവാചകനഗരി സന്ദര്‍ശിക്കാനും അനുമതി ലഭിക്കും. വിവിധ ഘട്ടങ്ങളിലായി അനുവദിക്കുന്ന ഉംറ കര്‍മ്മം ഇരുഹറം കാര്യാലയത്തിന്റെ ചുമതലയുള്ള വിദഗ്ധ സമിതിയുടെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ക്കും വിധേയമായിരിക്കും.

ഉംറക്കും നിസ്‌കാരത്തിനും എത്തുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തവര്‍ക്ക് അവസരം നല്‍കില്ല. മാസ്‌ക് , ഗ്ലൗസ്, സാമൂഹിക അകലം പാലിക്കല്‍, പരസ്പരം സ്പര്‍ശിക്കുന്ന സാഹചര്യം ഇല്ലാതിരിക്കാന്‍ തുടങ്ങിയ കര്‍ശന നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് അധികൃതരുടെ അനുമതി ലഭിക്കുക.

 

chandrika: