X

സിറിയന്‍ ജനത വന്‍ ദുരിതത്തിലെന്ന് യുഎന്‍

ദമസ്‌ക്കസ്: വര്‍ഷങ്ങള്‍ നീണ്ടു നിന്ന യുദ്ധം അവശേഷിപ്പിച്ച സിറിയയില്‍ ലക്ഷങ്ങള്‍ ദുരിതത്തില്‍ കഴിയുന്നതായി യുഎന്‍. സിറിയന്‍ സര്‍ക്കാരിന്റെയും വിമത പോരാളികളുടെയും തീവ്രവാദ സംഘങ്ങളുടെയും ഉപരോധത്തെ തുടര്‍ന്നു ഒറ്റപ്പെട്ട നഗരങ്ങളും സിറിയയിലുണ്ടെന്നു സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. ഒരു ബില്യണ്‍ ജനങ്ങളാണ് ദുരിതത്താല്‍ സിറിയയില്‍ കേഴുന്നത്.
ദാരിദ്രവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഈ ജനത ഏറെയും അഭിമുഖീകരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. പോഷകാഹാരം ലഭിക്കാത്തതിനെ തുടര്‍ന്നു ശിശുക്കള്‍ രോഗങ്ങളെ നേരിടുന്നതായും യുഎന്‍ മനുഷ്യാവകാശ സംഘടനാ അധ്യക്ഷനായ അലി അല്‍ സത്താരി പറഞ്ഞു. സിറിയയിലെ നാല് നഗരങ്ങളിലെ ജനങ്ങള്‍ ഒറ്റപ്പെട്ടു കഴിയുന്നതായും സത്താരി കൂട്ടിച്ചേര്‍ത്തു. ഈ നഗരങ്ങളിലെ ദുരിതങ്ങള്‍ യുഎന്നിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ദുരതത്തിലായ ജനങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും അല്ലാത്ത പക്ഷം ജനങ്ങള്‍ മരണത്തിലേക്കു നീങ്ങുമെന്നും സത്താരി വ്യക്തമാക്കി. സാബാദാനി, മാദയാ, ഫുവാ, കെഫ്രയ നഗരങ്ങളിലാണ് ദുരിതങ്ങള്‍. സര്‍ക്കാര്‍ സേനയും ഹെബ്ദുല്ലാ സൈന്യവും ഈ നഗരങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതാണ് നഗരത്തില്‍ കഴിയുന്നവരെ ദുരിത്തിലാക്കിയത്. യുദ്ധത്തിനു മുമ്പ് ഈ നഗരങ്ങള്‍ വിമതരുടെയും തീവ്രവാദികളുടെയും നിയന്ത്രണത്തിലായിരുന്നു. യുദ്ധത്തിനു ശേഷം സര്‍ക്കാരുമായി വിവിധ ഗ്രൂപ്പുകള്‍ ഒത്തു തീര്‍പ്പിലെത്തിയതോടെ നഗരങ്ങള്‍ക്ക് അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു എന്നു യുഎന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഗരങ്ങളിലെ ജനങ്ങള്‍ ഗ്രൂപ്പുകളെ അകറ്റിനിര്‍ത്തിയതാണ് ഉപരോധത്തിനു കാരണമായത്. നാല് നഗരങ്ങളിലായി 60,000 ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ദിവസേന ഇവിടെ അക്രമങ്ങള്‍ അരങ്ങേറുകയാണ്. ദാരിദ്ര്യം, സാമ്പത്തിക ഞെരുക്കം, മതിയായ ഭക്ഷണം ലഭിക്കാതിരിക്കല്‍, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഈ നഗരങ്ങള്‍ അഭിമുഖീകരിക്കുന്നത്.
സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു ജീവനു വേണ്ടി കേഴുന്ന നഗരങ്ങളിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കണമെന്നു യുഎന്‍ സിറിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിറിയന്‍ സര്‍ക്കാര്‍ ഇവരുടെ കാര്യത്തില്‍ എത്രയും വേഗം ഇടപെടണം. ഇവിടെ സ്ഥിതിഗതികള്‍ വളരെ രൂക്ഷമാണ്. മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നു. രോഗം പിടിപെട്ടവര്‍ക്ക് മതിയായ ചികിത്സ പോലും ലഭിക്കുന്നില്ലെന്നും അടിയന്തിരമായി ഇടപെടണമെന്നും യുഎന്‍ സിറിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങള്‍ മുമ്പ് അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലായിരുന്നു. റെഡ്‌ക്രോസ്, സിറിയന്‍ അറബ് റെഡ് ക്രസന്റ് തുടങ്ങിയ സംഘടനകളാണ് ഇവിടുത്തെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നത്.

chandrika: