X

അപ്രഖ്യാപിത അടിയന്തരാവസ്ഥ-എഡിറ്റോറിയല്‍

സ്വാതന്ത്ര്യലബ്ധിയുടെ ആരംഭ കാലം മുതല്‍ ജനാധിപത്യ മൂല്യങ്ങളെ പവിത്രമായി കാത്തുസൂക്ഷിക്കാന്‍ ദേശീയ നേതാക്കള്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. ലോകത്തിനുമുന്നില്‍ ഇന്ത്യയെ വ്യതിരിക്തമാക്കി നിര്‍ത്തിയിരുന്നതും കറകളഞ്ഞ ജനാധിപത്യ സ്വഭാവമാണ്. വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളും അഭിപ്രായപ്രകടനത്തിനുള്ള വിപുലമായ അവസരങ്ങളും ഭരണഘടന തുറന്നുനല്‍കുന്നുണ്ട്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത സവിശേഷ ജനാധിപത്യ ക്രമമാണ് ഇന്ത്യക്കുള്ളത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ വേളയില്‍ പക്ഷേ, ദേശീയ നേതാക്കളുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. ഓരോ ദിവസവും രാജ്യത്തെ തേടിവരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വാര്‍ഥമായ ഇംഗിതങ്ങള്‍ക്ക് ജനാധിപത്യത്തെ ബലിയാടാക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. പൊലീസ് സ്റ്റേറ്റായി ഇന്ത്യ ചുരുങ്ങിപ്പോകുമോ എന്നു പോലും ഭയക്കേണ്ടിവരുന്ന സാഹചര്യങ്ങളാണ് ഉരുണ്ടുകൂടുന്നത്. വിമര്‍ശനത്തിന്റെ വായകള്‍ മൂടിക്കെട്ടി ചോദ്യങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാത്ത നാടാക്കി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ സജീവമാണ്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഫീസ് പൂട്ടി സീല്‍ ചെയ്തതോടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വിശദീകരണങ്ങളില്ലാതെ വായിക്കാന്‍ ഏതൊരാള്‍ക്കും സാധിക്കും. മാധ്യമങ്ങളെ വിലക്കെടുത്തതോടൊപ്പം വരുതിയില്‍ നില്‍ക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് വിലങ്ങുവെക്കാനും തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസ് ആഭിമുഖ്യമാണ് നാഷണല്‍ ഹെറാള്‍ഡിനോട് പക തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. നഷ്ടത്തില്‍ ഓടിയിരുന്ന കമ്പനിയെ രക്ഷിക്കാനുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ നാഷണല്‍ ഹെറാള്‍ഡിനെ പൂട്ടുകവഴി ബി.ജെ.പി ഒരു വെടിക്ക് രണ്ട് പക്ഷികളെയാണ് ഉന്നമിട്ടത്. ആദ്യം പത്രത്തെ ഇല്ലാതാക്കിയും രണ്ടാമത് ഗാന്ധി കുടുംബത്തെ കൂട്ടിലടച്ചും എതിരാളികള്‍ക്കുമേല്‍ ഭീതിയുടെ കനലുകള്‍ കോരിയിടുകയാണ് കേന്ദ്രം. അതിനുവേണ്ടി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ പ്രതിപക്ഷത്തിനുനേരെ അഴിച്ചുവിടുകയാണ്. ഇ.ഡിയെന്നത് ഭീതിപ്പെടുത്തുന്ന രണ്ടക്ഷരങ്ങളായി ചുരുങ്ങിയിരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ഇ.ഡിക്ക് കൂടുതല്‍ പല്ലും നഖവും നല്‍കിയത് പ്രതിപക്ഷ വേട്ടക്ക് ആക്കം കൂട്ടാനാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് നാഷണല്‍ ഹെറാല്‍ഡ് സംഭവം തെളിയിക്കുന്നത്. സമീപ കാലത്ത് രാജ്യത്ത് ഇ.ഡിയുടെ ഇടപെടല്‍ വര്‍ധിച്ചിട്ടുണ്ട്. നിയമ ദുരുപയോഗത്തിലൂടെ രാജ്യത്ത് ഏത് പൗരനുമേലും അനായാസം കൈവെക്കാനുള്ള സംവിധാനമായി മോദി സര്‍ക്കാര്‍ അതിനെ അധ:പതിപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ പ്രമുഖരായ 33 പ്രതിപക്ഷ നേതാക്കളാണ് ഇ.ഡിയുടെ അന്വേഷണ വലയിലുള്ളത്. ഭരണപക്ഷത്തുനിന്ന് ആരും ഇല്ലെന്ന് തന്നെ പറയാം. വെറും മൂന്ന് എന്‍.ഡി.എക്കാര്‍ക്കെതിരെ മാത്രമാണ് ഇ.ഡിയുടെ അന്വേഷണമുള്ളത്. ഇവരില്‍ രണ്ടുപേര്‍ക്കെതിരെയുള്ള കേസുകള്‍ അവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഉള്ളതാണ്. മല്ലികാര്‍ജുന്‍ഖാര്‍ഗെക്ക് പാര്‍ലമെന്റിലിരിക്കുമ്പോഴാണ് ഇ.ഡി നോട്ടീസ് കിട്ടുന്നത്. പ്രതിപക്ഷ നേതാക്കളെ മുഴുവന്‍ ഇ.ഡിയെ ചൂണ്ടി അടക്കിയിരുത്താമെന്നാണ് ബി.ജെ.പി കണക്കുകുട്ടുന്നത്. പശ്ചിമബംഗാളിലെ നാരദ കേസില്‍ പ്രതിയായിരുന്ന നേതാവ് ബി.ജെ.പിയിലേക്ക് കൂടുമാറിയതോടെ ഇ.ഡിയുടെ കുറ്റപത്രത്തില്‍നിന്ന് അപ്രത്യക്ഷനായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ടമുഖം വ്യക്തമാക്കാന്‍ ഇതുതന്നെ ധാരാളം.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് ചെയ്യാനും സ്വത്തുവക കണ്ടുകെട്ടാനുമുള്ള ഇ.ഡിയുടെ അധികാരം ശരിവെക്കുമ്പോള്‍ സുപ്രീംകോടതിക്ക് വര്‍ത്തമാന സാഹചര്യങ്ങള്‍കൂടി പരിഗണിക്കാമായിരുന്നു. ജനാധിപത്യ തത്വങ്ങളെ അട്ടിമറിക്കാനും എതിരാളികളെ തുറുങ്കിലടക്കാനും തക്കം പാര്‍ത്ത് നടക്കുന്ന ഭരണകൂടമാണ് രാജ്യത്തുള്ളത്. കയ്യില്‍ കിട്ടുന്ന ഏത് ആയുധവും എതിരാളിക്കെതിരെ പ്രയോഗിക്കാന്‍ അവര്‍ മടികാട്ടിയിട്ടുമില്ല. ഭരണപക്ഷത്തിന്റെ സ്വന്തക്കാരനായി ഇ.ഡി മാറിയതിന് പ്രത്യക്ഷ തെളിവുകള്‍ ധാരാളമുണ്ടെന്നിരിക്കെ നീതിപീഠങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജനങ്ങള്‍ക്കിടയില്‍ അരക്ഷിതബോധം വളര്‍ന്നുവരികയാണ്. മാധ്യമങ്ങളടക്കം പത്തിമടക്കി ഒതുങ്ങിനില്‍ക്കുന്ന ഭീതിതമായ അന്തരീക്ഷം. പാവപ്പെട്ട ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ പ്രയോഗിക്കുന്ന ബുള്‍ഡോസറുകള്‍ ഇന്ത്യയിലേക്കും ഉരുണ്ടു തുടങ്ങിയിരിക്കുന്നു. കോടതികള്‍ക്കുപുറത്ത് നിയമം ഇടിച്ചുനിരത്തപ്പെടുന്ന കാഴ്ചകള്‍ വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ മുഖഛായതന്നെ മാറ്റിവരക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും സജീവ നീക്കങ്ങള്‍ നടക്കുമ്പോള്‍ ജനാധിപത്യ ബോധമുള്ള പുതിയൊരു സാമൂഹിക നിര്‍മിതിക്ക് സമയമായിരിക്കുന്നു.

web desk 3: