X
    Categories: indiaNews

രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷം: ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ. രാജ്യത്ത് ദാരിദ്യം രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണെന്നും സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ഹൊസബലേ പറഞ്ഞു.

ഇതേ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിപക്ഷം കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമാക്കുമ്പോഴാണ് ആര്‍എസ്എസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും സമാനരീതിയില്‍ ഒരു ചടങ്ങില്‍ പ്രതികരിച്ചിരുന്നു. രാജ്യത്ത് 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നുള്ളത് ദുഖകരമാണ്. ഇതില്ലാതാക്കണം. 23 കോടിയാളുകള്‍ക്ക് ദിവസം 375 രൂപയ്ക്ക് താഴെയാണ് വരുമാനം. നാല് കോടി പേര്‍ക്ക് തൊഴിലില്ല. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.6 ശതമാനമാണെന്നാണ് കണക്കുകളെന്നും ഹൊസബലേ പറഞ്ഞു.

ഒരു ശതമാനമാളുകളുടെ കൈയിലാണ് രാജ്യത്തിന്റെ അഞ്ചിലൊന്ന് വരുമാനം. അതേസമയം രാജ്യത്തെ പകുതി ജനങ്ങളുടെ കൈയില്‍ ആകെ വരുമാനത്തിന്റെ 13 ശതമാനമേയുള്ളൂ. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ആറ് രാജ്യങ്ങളില്‍ ഒന്നായി എന്ന കണക്കുകള്‍ പുറത്തുവരുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം നല്ലതാണോ- ഹൊസബലേ ചോദിച്ചു.

ലോകസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കേ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആയുധമാക്കുന്ന പ്രധാന വിഷയങ്ങളാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവും. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ഗാന്ധി ഉന്നയിക്കുന്നതും ഇതേ വിഷയങ്ങളാണ്.

web desk 3: