X

ഏക സിവില്‍ കോഡ്; മുസ്‌ലിം സമൂഹത്തിന്റെ ആശങ്ക ഉള്‍ക്കൊള്ളുന്നു, എ.ഐ.സി.സി

ഏക വ്യക്തി നിയമത്തില്‍ നിര്‍ണായക ഇടപെടലുമായി എഐസിസി. മുസ്‌ലിം ലീഗ്, സമസ്ത, ഇ.കെ, ഏപി സുന്നി നേതൃത്വങ്ങളെ ഫോണില്‍ വിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പിന്തുണ അറിയിച്ചു. അതേസമയം, ഏക വ്യക്തി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാന്‍ കെപിസിസി നേതൃയോഗം നാളെ ചേരും.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത അധ്യക്ഷന്‍ ജിഫ്രി മുതുക്കോയ തങ്ങള്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ എനിവരുമായി ഫോണില്‍ സംസാരിച്ച കെസി വേണുഗോപാല്‍, മുസ്‌ലിം സമൂഹത്തിന്റെ ആശങ്ക ഉള്‍ക്കൊള്ളുന്നു എന്ന് അറിയിച്ചു. മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും സിഖ് മത വിഭാഗത്തിന് ഉള്‍പ്പെടെ ആശങ്കയുണ്ടെന്നും കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്ന് വേണുഗോപാല്‍ ഉറപ്പ് നല്‍കി. ഏക വ്യക്തി നിയമ വിഷയത്തില്‍ കെപിസിസി നേതൃത്വങ്ങള്‍ക്ക് രണ്ട് അഭിപ്രായമാണെന്ന് സിപിഎമ്മും ബിജെപിയും പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് നിര്‍ണായക ഇടപെടല്‍.

അതേസമയം, നാളെ ചേരുന്ന കെപിസിസി നേതൃയോഗം വിഷയം ആഴത്തില്‍ ചര്‍ച്ച ചെയ്യും. മുസ്‌ലിം സംഘടനകളുമായി അടുക്കാന്‍ സിപിഎം ശ്രമിക്കുന്നത് കരുതലോടെ സമീപിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ഏക വ്യക്തി നിയമത്തിന് അനുകൂലമായി ഇ എം എസ് എടുത്ത നിലപാടും പൗരത്വ പ്രതിഷേധങ്ങള്‍ക്ക് എതിരെ പിണറായി സര്‍ക്കാര്‍ എടുത്ത കേസുകളും ഉയര്‍ത്തി സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നാണ് കെപിസിസി നേതൃത്വം വ്യക്തമാക്കുന്നത്.

webdesk13: