X
    Categories: indiaNews

സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

Beautiful photo of a ring ceremony being held as per Hindu rituals. Bridegroom is putting a ring to her Bride. Both dressed in traditional hindu marriage attire.

ന്യൂഡല്‍ഹി: സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നിലവില്‍ സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്‍മാര്‍ക്ക് 21 വയസുമാണ് വിവാഹപ്രായം. ഇത് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യവുമായി ഇദ്ദേഹം റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതിനിടെയിലാണ് പുതിയ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ രാജ്യത്തെ മറ്റു കോടതികളില്‍ പരിഗണനയിലുള്ള മുഴുവന്‍ ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

പുരുഷന്‍മാര്‍ക്ക് 21 വയസിന് ശേഷം സ്വന്തം താല്‍പര്യപ്രകാരം വിവാഹം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സ്ത്രീകള്‍ 18 വയസാവുമ്പോള്‍ തന്നെ വിവാഹത്തിന് നിര്‍ബന്ധിതരാവുകയാണ്. ഈ നിയമം പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ തീരുമാനമാണ്. ഇത് സ്ത്രീവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ദേശീയ നിയമകമ്മീഷന്‍ നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഭാര്യക്ക് ഭര്‍ത്താവിനെക്കാള്‍ വയസ് കുറവായിരിക്കണമെന്ന സമൂഹത്തിന്റെ സ്ത്രീവിരുദ്ധ ചിന്തയാണ് നിലവിലെ നിയമത്തിന്റെ അടിസ്ഥാനം. ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ഇത് സമ്പൂര്‍ണമായി സ്ത്രീകള്‍ക്ക് എതിരാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: