X
    Categories: CultureMoreViews

യു.പി ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കര്‍ണാടകയെക്കാള്‍ പ്രധാനമാവുന്നതെന്തുകൊണ്ട്?

ലഖ്‌നൗ: ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം മൊത്തം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തിയ ബി.ജെ.പി പ്രകടനം ആവര്‍ത്തിക്കുമോ അതോ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമോ എന്നതാണ് മുഖ്യചര്‍ച്ചാ വിഷയം. എന്നാല്‍ ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം കര്‍ണാടകയെക്കാള്‍ അവരെ ആശങ്കപ്പെടുത്തുന്നത് ഈ മാസം 11ന് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍, ഗൊരഖ്പൂര്‍ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ്. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍തിരിച്ചടി നേരിട്ട ബി.ജെ.പി നേതൃത്വം യു.പി ഉപതെരെഞ്ഞെടുപ്പിനെ ജീവന്‍മരണ പോരാട്ടമായാണ് കാണുന്നത്.

യു.പി പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ പതിവ് സൂത്രവാക്യമാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് സത്യമായി. യു.പിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 71 സീറ്റുകളും ബി.ജെ.പിയാണ് സ്വന്തമാക്കിയത്. 2014ല്‍ മായാവതിയുടെ ബി.എസ്.പിയെ പരാജയപ്പെടുത്തി ബി.ജെ.പി നേതാവ് കേശവപ്രസാദ് മൗര്യയാണ് ഈ സീറ്റില്‍ വിജയിച്ചത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നേടിയതോടെ കേശവപ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയാവാന്‍ പോയതോടെയാണ് ഇവരെ ഉപതെരഞ്ഞെടുപ്പ് വന്നത്.

യു.പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് അഞ്ച് തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഗോരഖ്പൂര്‍. യോഗി മുഖ്യമന്ത്രിയായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വന്നത്. 2019 ലും രാജ്യഭരണം പിടിക്കാന്‍ കച്ചകെട്ടുന്ന നരേന്ദ്ര മോദിയും ബി.ജെ.പിയും അഭിമാനപ്പോരാട്ടമായാണ് യു.പിയിലെ ഉപതെരഞ്ഞെടുപ്പുകളെ കാണുന്നത്. എന്നാല്‍ രാജസ്ഥാന്‍ നല്‍കിയ തിരിച്ചടി ബി.ജെ.പി നേതൃത്വത്തെ ആശങ്കാകുലരാക്കുന്നുണ്ട്.

സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബി.എസ്.പിയും ഒരുമിച്ച് നില്‍ക്കുന്നു എന്നതാണ് ഇവിടെ ബി.ജെ.പി നേരിടുന്ന വലിയ വെല്ലുവിളി. 2019ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ എസ്.പി, ബി.എസ്.പി സഖ്യത്തെ സഹായിക്കുന്ന വിധത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. ബ്രാഹ്മണ സമുദായക്കാരനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മനീഷ് മിശ്ര ബ്രാഹ്മണ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് തടയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തെരഞ്ഞെടുപ്പായതോടെ ബി.ജെ.പി പതിവുപോലെ വര്‍ഗീയ കാര്‍ഡുമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് വര്‍ഗീയ പ്രചാരണത്തെ മുന്നില്‍ നയിക്കുന്നത്. സമാജ് വാദി പാര്‍ട്ടി ഒരു സ്ഥാനാര്‍ഥിയെ ഇറക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഔറംഗസേബ് ഭരണം ആവശ്യമില്ലെന്നുമായിരുന്നു യോഗി കഴിഞ്ഞ ദിവസം പറഞ്ഞത്.

ബി.ജെ.പിക്ക് ശക്തമായ അടിവേരുകളുള്ള ഗോരഖ്പൂരില്‍ വിജയിച്ചില്ലെങ്കിലും ഫുല്‍പൂരില്‍ വിജയിക്കാനായാല്‍ ബി.എസ്.പി, എസ്.പി സഖ്യം വലിയ മുന്നേറ്റമായിരിക്കും സൃഷ്ടിക്കുക. എന്നാല്‍ ഫുല്‍പൂരിലും പരാജയപ്പെടുകയാണെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാര്‍ മോഡലില്‍ കോണ്‍ഗ്രസ്-എസ്.പി-ബി.എസ്.പി പാര്‍ട്ടികള്‍ ഒരുമിക്കുന്ന മഹാസഖ്യത്തിനും സാധ്യതയുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: