X

യോഗിക്ക് ദളിത് മിത്രപുരസ്‌കാരം: പ്രതിഷേധവുമായി ദളിത് പ്രവര്‍ത്തകര്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്‌കാരം നല്‍കിയതിനെതിരെ വന്‍പ്രതിഷേധം. അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ അംബേദ്കര്‍ മഹാസഭയാണ് യോഗിക്ക് പുരസ്‌കാരം നല്‍കിയത്. ഇതിനെതിരെ മഹാസഭയുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച ദളിത് ആക്ടിവിസ്റ്റുകളെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.ആര്‍ ദരപുരി, ഐ.എ.എസ് ഓഫീസറായിരുന്ന ഹാരിഷ് ചന്ദ്ര, ഗജോധര്‍ പ്രസാദ്, എന്‍.എസ് ചൗരസ്യ എന്നിവരാണ് അറസ്റ്റിലായത്.

അംബേദ്കറുടെ പ്രതിമകള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചവരേക്കാള്‍ ദളിതര്‍ക്കുവേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചയാളാണ് യോഗി എന്നു പറഞ്ഞാണ് അംബേദ്കര്‍ മഹാസഭ പ്രസിഡന്റ് ലാല്‍ജി പ്രസാദ് നിര്‍മ്മല്‍ യോഗിക്ക് പുരസ്‌കാരം നല്‍കിയത്.എന്നാല്‍ യോഗിക്ക് പുരസ്‌കാരം നല്‍കുന്നത് സഭക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെക്കുകയായിരുന്നു. നിര്‍മ്മല്‍ യോഗിക്ക് പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ മഹാസഭയിലെ മുതിര്‍ന്ന അംഗങ്ങളായ ഹാരിഷ് ചന്ദ്ര, എസ്.ആര്‍ ദരപുരി എന്നിവര്‍ നിര്‍മ്മലിനെതിരെ അച്ചടക്ക നടപടിയെടുക്കാനായി വാര്‍ഷിക ജനറല്‍ മീറ്റിങ് വിളിച്ചുചേര്‍ത്തു.

യു.പിയില്‍ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. യോഗിക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പ്രസിഡണ്ട് മാത്രം തീരുമാനമാണെന്നും തീരുമാനമെടുക്കുന്നതിനു മുമ്പ് ആരോടും ആലോചിച്ചിരുന്നില്ല. നിര്‍മല്‍ ഒഴികെ മഹാസഭയിലെ എല്ലാ അംഗങ്ങളും യോഗിക്ക് പുരസ്‌കാരം നല്‍കിയതിന് എതിരാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ദളിതര്‍ക്കെതിരെ അത്രികമങ്ങളുടെ എണ്ണത്തി ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യോഗി ആദിത്യനാഥിനെ ആദരിക്കേണ്ട ഒരു കാര്യവുമില്ല. ദളിത് ആക്ടിവിസ്റ്റ് ദരപുരി പറഞ്ഞു.
അംബേദ്കര്‍ മഹാസഭ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് വാടക ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് നിര്‍മ്മല്‍ ഇതു ചെയ്തതെന്നും ദരപുരി ആരോപിക്കുന്നു.

അതേസമയം രാജ്യത്തെ 35 കോടി ദളിതര്‍ക്ക് മോദി സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സഹായിച്ചുവെന്നാണ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് യോഗി പറഞ്ഞത്.

chandrika: