X

യു.പിയില്‍ വീണ്ടും ആസ്പത്രി ദുരന്തം

 

ലക്‌നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ നിന്ന് വീണ്ടും ദുരന്തവാര്‍ത്ത. അധികൃതരുടെ അശ്രദ്ധ മൂലം 24 മണിക്കൂറിനിടെ അഞ്ച് രോഗികള്‍ക്ക്് ജീവന്‍ നഷ്ടപ്പെട്ടു.
കാണ്‍പുര്‍ ജില്ലയിലെ ലാലാ ലജ്പത് റായ് ആസ്പത്രിയിലാണ് സംഭവം. തീവ്ര പരിചരണ വിഭാഗത്തിലെ എ.സി തകരാറിലായതാണ് രോഗികളുടെ ജീവനെടുത്തത്. ഇന്ദ്രപാല്‍ (75), ജയപ്രസാദ് (75), റസൂല്‍ ബക്ഷ് (55), മുറാറി (56) എന്നിവരാണ് മരിച്ചത്. എ.സി തകരാറിലായതോടെ ശുദ്ധവായു ലഭിക്കാന്‍ ബന്ധുക്കള്‍ ഐ.സി.യുവിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടെങ്കിലും പുറത്തെ കടുത്ത ചൂട് രോഗികളുടെ അവസ്ഥ വീണ്ടും മോശമാക്കി. സാഹചര്യം കൂടുതല്‍ വഷളായതോടെ 24 മണിക്കൂറിനുള്ളില്‍ അഞ്ച് രോഗികളാണ് മരിച്ചത്.
എന്നാല്‍ ഈ ആരോപണം ആസ്പത്രി അധികൃതര്‍ നിഷേധിച്ചു. സ്വാഭാവിക മരണങ്ങളാണിതെന്നും രോഗികളുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ ബുധനാഴ്ച മുതല്‍ എ.സി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഐ.സി.യു നഴ്‌സിങ് വിഭാഗം തലവന്‍ സൗരഭ് അഗര്‍വാള്‍ സമ്മതിച്ചു. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌ന പരിഹാരത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാനും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും ജില്ലാ മജിസ്‌ട്രേറ്റ് സുരേന്ദ്ര സിങ് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് യു.പിയിലെ ആസ്പത്രിയില്‍ നൂറിലധികം നവജാത ശിശുക്കള്‍ മരിച്ചിരുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച് ശേഷിച്ച കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച കഫീല്‍ ഖാന്‍ എന്ന ഡോക്ടറെ അറസ്റ്റ് ചെയ്ത് യോഗി സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ നടത്തിയ നടപടി വലിയ വിവാദമായിരുന്നു.

chandrika: