X

ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതോടെ രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തിയത്.
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതോടെ അതില്‍ വിശദീകരണം നല്‍കിയാണ് രഞ്ജന്‍ ഗൊഗോയ് നേതൃത്വത്തില്‍ സിറ്റിങ് ചേര്‍ന്നിരിക്കുന്നത്. സുപ്രീം കോടതി മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി രംഗത്തെത്തിയത്.

ആരോപണത്തൈ ഉയര്‍ന്നതിനെ തുടര്‍ന്ന് കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചാണ് സിറ്റിങ് ചേരുന്നതെന്നാണ് പ്രാഥമിക വിവരം. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം അഞ്ചംഗ ബെഞ്ച് മുന്നാകെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പൂര്‍ണ്ണമായും നിഷേധിച്ചു. ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുള്ളതായ ഗുരുതര ആരോപണവും ചീഫ് ജസ്റ്റിസ് നടത്തിയതായാണ് വിവരം.

ഒരു ജൂനിയര്‍ അസ്സ്റ്റന്‍ര് മാത്രമാണ് ഇതിന് പിന്നിലുള്ളതെന്ന് കരുതിന്നില്ല.
ചീഫ് ജസ്റ്റിസിനേയോ തന്റെ ഓഫീസിനേയോ നിര്‍ജീവമാക്കാനുള്ള ഗൂഢ പദ്ധതിയാണ് ആരോപണത്തിന് പിന്നില്‍. ഇതിന്‍റെ പേരിൽ രാജി വയ്ക്കില്ല. ഒരു തരത്തിലുള്ള ഭീഷണിയ്ക്കും വഴങ്ങില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.

20 വര്‍ഷം നിസ്വാര്‍ത്ഥമായി ജോലി ചെയ്തയാളാണ് ഞാന്‍. എന്റെ ബാങ്ക് അക്കൗണ്ടില്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണുള്ളത്. അതാണ് എന്റെ ആകെ സമ്പാദ്യം.
ജഡ്ജിയായി ജോലി ചെയ്ത് പടിപടിയായി ഉയര്‍ന്നു വന്നയാളാണ് ഞാന്‍. റിട്ടയര്‍മെന്റിനടുത്ത് നില്‍ക്കുമ്പോള്‍ എന്റെ കയ്യില്‍ ആറ് ലക്ഷം രൂപ മാത്രമാണുള്ളതെന്നും പണം ലക്ഷ്യം വെച്ചാണ് ആരോപണം എന്ന് കരുതുന്നി്‌ല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

താന്‍ ജീവനക്കാരോട് പെരുമാറുന്നത് മാന്യമായി ആണ്. ഒരു ജീവനക്കാരി മാത്രം വിചാരിച്ചാല്‍ മാത്രം ഇങ്ങനെ നടക്കില്ല. പിന്നില്‍ വന്‍ ഗൂഢാലോചനയും ചൂഷണവും സംശയിക്കുന്നു. രാജ്യത്തെ പരമോന്നത കോടതി ഭീഷണി നേരിടുന്നതായും ജ്യുഡീഷ്യറി അപകടത്തിലാണെന്നും ചീഫ് ജസ്റ്റിസ് ജനങ്ങളോടായി മുന്നറിയിപ്പ് നല്‍കി.

കോടതിക്കെതിരെ എന്ത് ഭീഷണികളുണ്ടായാലും വഴങ്ങില്ലെന്നും ഞാന്‍ എന്റെ ജോലി തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം തനിക്കെതിരെ ഉയര്‍ന്ന പരാതി എന്തായാലും താനല്ല പരിഗണിക്കുകയെന്നും കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരാവും ഈ കേസ് പരിഗണിക്കുകയെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എതിരെ മുതിര്‍ന്ന ജസ്റ്റിസുമാര്‍ ഉയര്‍ത്തിയ ആരോപണത്തെ ശരിവെക്കുന്നതായി രഞ്ജന്‍ ഗൊഗോയുടെ നിലപാട്. ചീഫ് ജസ്റ്റിസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ചീഫ് ജസ്റ്റിസിന് കീഴിലെ ബഞ്ച് തന്നെ കേള്‍ക്കെരുതെന്നായിരുന്നു രഞ്ജന്‍ ഗൊഗോയ് അടക്കം മുതിര്‍ന്ന ജസ്റ്റിസുമാര്‍ നേരത്തെ ഉയര്‍ത്തിയ വിമര്‍ശനം. കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അടക്കം രഞ്ജന്‍ ഗൊഗോയുടെ നിവപാടിനോട് യോജിച്ചു. ആരോപണം ഒരു ഗൂഢാലോചനയും ഭീഷണിയുമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

വളരെ പ്രധാനപ്പെട്ട കേസുകൾ അടുത്ത ആഴ്ചകളിൽ താൻ കേൾക്കാനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും നിർണായക ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

അടിയന്തര വിഷയം ചർച്ച ചെയ്യാനാണ് സിറ്റിംഗ് എന്ന് പറഞ്ഞാണ് നോട്ടീസ് പുറത്തുവിട്ടത്. തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറയുന്നു. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറയുന്നു. 

ഇത്തരത്തിൽ സുപ്രീംകോടതിയിൽ സിറ്റിംഗ് നടത്തുന്നത് അപൂർവ നടപടിയാണ്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയിൽ അടിയന്തരസിറ്റിംഗ് നടത്തുന്നത്.

35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് ഇന്നലെ കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. 

chandrika: