X
    Categories: Newsworld

പ്രസവത്തിനിടെ പരീക്ഷയെഴുതി യുവതി; നിശ്ചയദാര്‍ഢ്യത്തിന് ലോകത്തിന്റെ കയ്യടി

വാഷിങ്ടണ്‍: പ്രസവത്തിനിടെ പരീക്ഷയെഴുതി ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ യുവതി. ഷിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലോ വിദ്യാര്‍ഥിനിയായ ബ്രിയാന ബാര്‍ എക്സാമാണ് പ്രസവത്തിനിടെ പൂര്‍ത്തിയാക്കിയത്. രണ്ടു ദിവസമായി നടന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ ആദ്യ ഭാഗം പ്രവസത്തിനു തൊട്ട് മുന്‍പും രണ്ടാം ഭാഗം പ്രസവത്തിനു ശേഷം കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടുമാണ് ബ്രിയാന പൂര്‍ത്തിയാക്കിയത്.

കോവിഡ് മഹാമാരിയാണ് ബ്രിയാനയുടെ പരീക്ഷയും പ്രസവവുമൊക്കെ ഒരേ സമയത്ത് കൂട്ടിമുട്ടിച്ചത്. ബാര്‍ എക്സാം എത്തുമ്പോഴേക്കും തനിക്ക് 28 ആഴ്ചത്തെ ഗര്‍ഭമാകുമെന്നായിരുന്നു ബ്രിയാനയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ കോവിഡ് കാരണം പരീക്ഷ ഒക്ടോബറിലേക്ക് നീട്ടിയതോടെ ബ്രിയാനയുടെ പ്രസവത്തിന്റെ 38-ാം ആഴ്ച തന്നെ പരീക്ഷയെത്തി. ആശുപത്രിക്കിടക്കയില്‍ നിന്നാകും തന്റെ പരീക്ഷയെന്ന് തമാശയ്ക്ക് പറഞ്ഞിരുന്നത് ബ്രിയാനയ്ക്ക് യാഥാര്‍ത്ഥ്യമായി.

ഓണ്‍ലൈനായി പരീക്ഷയുടെ ആദ്യ ഭാഗം എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ബ്രിയാനയുടെ പ്രസവവേദന ആരംഭിക്കുന്നത്. ഇടയ്ക്കിടെ ശുചിമുറിയില്‍ പോകാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും കമ്പ്യൂട്ടറിന് മുന്നില്‍ നിന്നെഴുന്നേറ്റാല്‍ പരീക്ഷയില്‍ കൃത്രിമത്വം കാണിച്ചതായി കണക്കാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതോടെ വേദന കടിച്ചു പിടിച്ച് ആദ്യ സെക്ഷന്‍ പൂര്‍ത്തിയാക്കി. ഇടയ്ക്ക് ഒരു ഇടവേളയെടുത്ത് സ്വയം വൃത്തിയാക്കുകയും ഭര്‍ത്താവിനെയും അമ്മയെയും മിഡ് വൈഫിനെയുമെല്ലാം വിളിച്ചു വരുത്തുകയും ചെയ്തു. ആശുപത്രിയില്‍ പ്രസവത്തിനായി ചെല്ലാന്‍ ഇനിയും സമയമുണ്ടെന്ന് മിഡ് വൈഫ് അറിയിച്ചപ്പോള്‍ രണ്ടാം സെക്ഷനും കൂടി പൂര്‍ത്തിയാക്കാനിരുന്നു.

ഇതും തീര്‍ത്ത് വൈകുന്നേരം അഞ്ചരയോടെയാണ് ബ്രിയാന ആശുപത്രിയിലേക്ക് പോകുന്നത്. രാത്രി 10 മണിയോടെ മകന്‍ കാഷ്യസ് ഫിലിപ്പ് ആന്‍ഡ്രൂ പിറന്നു. കുഞ്ഞ് പിറന്ന് 24 മണിക്കൂറിനകം പരീക്ഷയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കാനും ബ്രിയാന ഉറപ്പിച്ചു. പിറ്റേന്ന് നടക്കുന്ന പരീക്ഷയ്ക്കായി ആശുപത്രി അധികൃതര്‍ ഒരു സ്വകാര്യ മുറി ബ്രിയാനയ്ക്ക് അനുവദിച്ചു. വാതിലില്‍ ശല്യപ്പെടുത്തരുത് എന്ന ബോര്‍ഡും തൂക്കി. അവിടെയിരുന്ന് ബ്രിയാന ആ ദിവസത്തെ പരീക്ഷയും പൂര്‍ത്തിയാക്കി.

ബ്രിയാനയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ മാം എന്നാണ് ബ്രിയാനയെ പലരും വിശേഷിപ്പിക്കുന്നത്. അതേസമയം പൂര്‍ണഗര്‍ഭിണിയായിട്ടും ബ്രിയാനക്ക് പരീക്ഷയില്‍ യാതൊരു ഇളവും അനുവദിക്കാതിരുന്ന ബാര്‍ അസോസിഷയനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: