X

ഗസ്സയില്‍ ഷെല്ലാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 300 പേര്‍ക്ക് പരിക്ക്

ഗസ്സ: ജറുസലേമിനെ ഇസ്രഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണം. ഫലസ്തീന്‍ നടത്തുന്ന പ്രതിഷേധത്തിന് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധത്തിന് നേരെ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പിലാണ് രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് വ്യക്തമാക്കി.

റോക്കറ്റുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ഈസ്രാഈല്‍ ആക്രമണം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സ അതിര്‍ത്തിയില്‍ അമേരിക്കന്‍ നടപടിക്കെതിരെ പ്രതിഷേധിച്ച ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം വിവേചരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. മുന്നൂറോളം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുമുണ്ട്. ഗസ്സ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

യുഎസ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഫലസ്തീനിലുടനീളം കനത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്. ഗസ്സയും വെസ്റ്റ്ബാങ്കും ഉള്‍പ്പെടെ ഫലസ്തീന്‍ നഗരങ്ങളിലെല്ലാം ജനങ്ങള്‍ തെരുവിലിറങ്ങി. പല സ്ഥലത്തും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. റാമല്ലക്കും വെസ്റ്റ്ബാങ്കിനും പുറമെ ഹീബ്രോണ്‍, ജെനിന്‍, നെബുലസ്, തുല്‍കരീം തുടങ്ങിയ പട്ടണങ്ങളിലെല്ലാം ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.

അമേരിക്കയുടേത് ഫലസ്തീനെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച ഹമാസ് വെള്ളിയാഴ്ച രോഷദിനമായാചരിക്കാനും ആഹ്വാനം ചെയ്തിരുന്നു.വെസ്റ്റ് ബാങ്കിലും ജറുസലേമിലും നടത്തിയ പ്രതിഷേധത്തിനിടെ 300 ഓളം പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീനിയന്‍ റെഡ് ക്രസന്റ് വ്യക്തമാക്കി. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നിലഗുരുതരമാണ്. റബര്‍ ബുള്ളറ്റ് ഏറ്റാണ് 45 പേര്‍ക്ക് പറ്റിയത്. ബത്‌ലഹേമിലും പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. പ്രതിഷേധത്തിന് പിന്നാലെ ഇസ്രാഈലിന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ തീവ്രവാദ ആക്രമണവും ഉണ്ടായി.

എയര്‍ക്രാഫ്റ്റിനു നേരെയും ടാങ്കിനു നേരെയും തീവ്രവാദികള്‍ ഷെല്ലുകള്‍ വിക്ഷേപിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകള്‍ ഏറ്റെടുത്തു. ഇസ്രാഈലുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവയ്ക്കാന്‍ ഫലസ്തീന്‍ തയാറാകണമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹാനിയ ഫലസ്തീനോട് ആവശ്യപ്പെട്ടു. കൂടാതെ ട്രംപ് ഭരണകൂടത്തെ ബഹിഷ്‌കരിക്കാന്‍ അറബ് രാജ്യങ്ങള്‍ തയാറാകണമെന്നും ഫലസ്തീന്‍ ഇക്കാര്യം അവശ്യപ്പെടണം. ഈ മാസം ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ ബഹിഷ്‌കരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

chandrika: