X

ഉത്തര്‍പ്രദേശില്‍ കരുത്തോടെ പ്രിയങ്ക: കോണ്‍ഗ്രസിനൊപ്പം ചേരാന്‍ മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ രംഗത്ത്

Lucknow: Congress President Rahul Gandhi with party general secretaries Priyanka Gandhi Vadra and Jyotiraditya Madhavrao Scindia during a roadshow, in Lucknow, Monday, Feb. 11, 2019. (PTI Photo/Nand Kumar)(PTI2_11_2019_000154A)

ലക്‌നൗ: കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയേറ്റെടുത്ത് പ്രിയങ്കാ ഗാന്ധി രംഗത്തിറങ്ങിയതോടെ ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ രാഷ്ട്രീയ മാറ്റങ്ങളാണ് പ്രകടമാവുന്നത്. യു.പിയില്‍ ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു കഴിഞ്ഞിരിക്കുകയാണ്. മഹാന്‍ദള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചതിന് പിന്നാലെ വിവിധ കക്ഷികളിലെ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ജാതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പിന്നോക്ക വിഭാഗക്കാരുടെ പാര്‍ട്ടിയായ മഹാന്‍ ദള്‍ കോണ്‍്രഗസില്‍ ലയിച്ചതിന് പിന്നാലെ ബി.എസ്.പിയുടെ പ്രമുഖരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മഹാന്‍ദള്‍ പാര്‍ട്ടി അധ്യക്ഷന്‍ കേശവ് ദേവ് മൗര്യയും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ പുതിയ ശക്തിയാക്കി മാറ്റുക എന്ന ദൗത്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണത്തില്‍ മാത്രമാണ് പിന്നാക്ക വിഭാഗത്തിന് നേട്ടമുണ്ടാകുക എന്ന് കേശവ് മൗര്യ പറഞ്ഞു. എസ്.പിയും ബി.എസ്.പിയും അവരുടെ മാത്രം നേട്ടമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് വിശാലമായ കാഴ്ചപ്പാടുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

80 ലോക്‌സഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ 41 മണ്ഡലങ്ങളുടെ ചുമതല പ്രിയങ്കയ്ക്കും 39സീറ്റുകളുടെ ചുമതല ജ്യോതിരാദിത്യക്കുമാണ് നല്‍കിയിട്ടുള്ളത്. ലഖ്‌നൗ, അമേത്തി, റായ്ബറേലി, സുല്‍ത്താന്‍പൂര്‍, ഗൊരഖ്പൂര്‍, ഫുല്‍പൂര്‍, അലഹാബാദ്, ബാരാബങ്കി, കുശിനഗര്‍ തുടങ്ങി പ്രധാന മണ്ഡലങ്ങളെല്ലാം പ്രിയങ്കയുടെ ചുമതലയിലാണ്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , എന്നിവര്‍ ചേര്‍ന്ന് നടത്തിയ റോഡ് ഷോക്ക് ശേഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കിയതും ശ്രദ്ധേയമാണ്. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ താന്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക യു.പിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബി.ജെ.പിക്കും വലിയ തോതില്‍ തിരിച്ചടിയുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

chandrika: