X
    Categories: indiaNews

പൂജാരിക്ക് വെടിയേറ്റ സംഭവം; കേസില്‍ വഴിത്തിരിവ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ക്ഷേത്രത്തിലെ പൂജാരി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ മുന്‍ ഗ്രാമമുഖ്യന്‍ അമര്‍ സിംഗുമായി മുഖ്യ പൂജാരി(മഹന്ത്)ക്ക് ഭൂമി സംബന്ധമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇയാളെ പ്രതിയാക്കാന്‍ നടത്തിയ നാടകമാണ് കൊലപാതക ശ്രമമെന്നും അന്വേഷണം നടത്തിയ അഞ്ചംഗ പൊലീസ് സംഘം കണ്ടെത്തി.

അമര്‍ സിംഗിനും നിലവിലെ ഗ്രാമമുഖ്യന്‍ വിനയ് സിംഗിനും ഇടയില്‍ രാഷ്ട്രീയപരമായ ശത്രുതയും നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ മഹന്തും വിനയ് സിംഗും ചേര്‍ന്ന് തങ്ങളുടെ ശത്രുവായ അമര്‍ സിംഗിനെ കുടുക്കാന്‍ പൂജാരി അതുല്‍ ത്രിപതിയുടെ സഹായത്തോടെ നടത്തിയ നാടകമായിരുന്നു കൊലപാതക ശ്രമം. ഇതിനായി ഇരുവരും അക്രമികളെ വാടകയ്‌ക്കെടുത്തു.

പൂജാരിയുടെ അറിവോടെ തന്നെ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് ആക്രമണത്തിന് പിന്നില്‍ അമര്‍സിംഗ് എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇതില്‍ അവര്‍ വിജയിച്ചു. എന്നാല്‍ സംഭവം വിവാദമാവുകയായിരുന്നു.

അക്രമി സംഘം പൂജാരിക്ക് നേരെ വെടിയുതിര്‍ക്കുമ്പോള്‍ മഹന്ത് മുറിയില്‍ ഉറങ്ങാതിരിക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ക്ഷേത്രപാലകര്‍ ഓടിയെത്തുകയും മൂന്ന് പേര്‍ പൂജാരിയെ വെടിവച്ച് ഓടി രക്ഷപ്പെടുന്നത് കാണുകയും ചെയ്തിരുന്നു. ഉടന്‍ പൂജാരിയെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ ചികിത്സയിലാണ്. സംഭവത്തില്‍ മഹന്ത് ആണ് അമര്‍ സിംഗിനെതിരെ പൊലീസില്‍ കൊലപാതകശ്രമത്തിന് കേസ് നല്‍കിയത്.

നാടന്‍ തോക്കും ഏഴ് കാട്രിഡ്ജും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകള്‍, സാക്ഷി മൊഴികള്‍, മറ്റ് കാര്യങ്ങള്‍ എന്നിവയില്‍ അന്വേഷണം നടത്തിയ പൊലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുകയായിരുന്നു. ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്. ഇതോടെ നിലവില്‍ പ്രതികളെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത അമര്‍ സിംഗിനെയും സഹായിയെയും പൊലീസ് റിലീസ് ചെയ്തു.

 

chandrika: