X

ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്ഥാനം

ഏകീകൃത സിവില്‍കോഡ് പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നിയമമാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.

ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്നേക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ യുസിസി ബില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാന്‍ അറിയിച്ചിരുന്നു.

ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബില്‍ ഞങ്ങള്‍ പാസാക്കി, ബില്‍ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്.

ഞങ്ങള്‍ക്ക് അധികാരത്തില്‍ വരാനും ബില്‍ പാസാക്കാനും അവസരം നല്‍കിയ എല്ലാ എംഎല്‍എമാര്‍ക്കും ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു’ -മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിങ്കളാഴ്ച ആരംഭിച്ച ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ബില്ലവതരിപ്പിച്ചത്. അഞ്ചംഗ സമിതി കൈമാറിയ ഏകീകൃത സിവില്‍കോഡിന്റെ കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

 

webdesk13: