X

യുടേണ്‍ രാജ-എഡിറ്റോറിയല്‍

കേരള മുഖ്യമന്ത്രി നിലപാടുകളുടെ സ്വന്തം ആളാണെന്നാണ് സി.പി.എമ്മുകാരും ഇടതുപക്ഷത്തെ പാടിപുകഴ്കത്തുന്ന പാണന്‍മാരും പാടി നടക്കാറുള്ളത്. എന്നാല്‍ യുടേണ്‍ അടിക്കുന്നതിലാണ് മുഖ്യന്റെ മിടുക്കെന്നാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവൃത്തികളില്‍നിന്നും മലയാളികള്‍ക്ക് വ്യക്തമാവുന്നത്. ഏറ്റവും ഒടുവിലായി നിലപാടു മാറ്റം കെ റെയിലുമായി ബന്ധപ്പെട്ടാണ്. എന്തും ഏതും പ്രഖ്യാപിക്കും പിന്നാലെ യു ടേണ്‍ അടിക്കും അതാണ് കേരള മോഡല്‍ എന്ന പ്രതീതിയാണ് പിണറായി ഇപ്പോള്‍ സൃഷ്ടിക്കുന്നത്. എന്ത് തന്നെയായാലും കെ റെയില്‍ വരും കെട്ടോ.. എന്ന് പറഞ്ഞിരുന്നയാള്‍ ഇപ്പോള്‍ പറയുന്നു കേന്ദ്രം അനുമതി തന്നാല്‍ മാത്രമെന്ന്. നാളിതുവരെ എല്ലാ അനുമതിയും കിട്ടിയെന്ന് കൊട്ടിഘോഷിച്ച് ന്യായീകരിച്ച സഖാക്കളൊക്കെ അണ്ടി പോയ അണ്ണാന്‍ കണക്കെ വാ പൊളിച്ച് നില്‍ക്കുന്ന അവസ്ഥ.

എന്ത് സംഭവിച്ചാലും സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് വീട്ടുമുറ്റത്തും അടുപ്പിലുംവരെ മഞ്ഞക്കുറ്റികളിട്ട് നാട്ടുകാരുടെ മുതുകില്‍ പൊലീസിനെകൊണ്ട് കോല്‍ക്കളി കളിപ്പിച്ചശേഷം ഇപ്പോള്‍ പറയുന്നു കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയൂ എന്ന്. ഇത്രയും കാലം മുന്നോട്ടുപോയതും കേന്ദ്ര ഭരണക്കാരുടെ പിന്തുണയില്‍ത്തന്നെ ആണെന്നത് വേറെ സത്യം. എന്തൊക്കെയായിരുന്നു തള്ള് വിദഗ്ധരുമായി ചര്‍ച്ചയെന്ന പേരില്‍ സി.പി.എം അനുഭാവികളെ കുത്തിനിറച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം സില്‍വര്‍ ലൈന്‍ ചര്‍ച്ച. ചര്‍ച്ചയില്‍ മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങള്‍ വിദഗ്ധരെന്ന വ്യാജേന എത്തുന്ന പാര്‍ട്ടിക്കാര്‍ ചോദിക്കുന്നു, മറുപടി. തീര്‍ന്നില്ല. അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ റെയില്‍) സിംപോസിയം, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മൂന്ന് മണിക്കൂര്‍ 54 മിനിറ്റെന്നും പറഞ്ഞ് നാടുനീളെ മുഖ്യന്റെ പടമുള്ള ബോര്‍ഡുകള്‍, എസ്.എഫ്.ഐ പിള്ളാരെ കൊണ്ട് തൊട്ടപൊട്ടുമാറ് ഉച്ചത്തില്‍ കെ റെയിലിന് സിന്ദാബാദ് വിളിപ്പിക്കല്‍. മുകളില്‍ കെ റെയില്‍ അതിനു താഴെ മെട്രോ അതിനു താഴെ വാട്ടര്‍ മെട്രോ, പിന്നെ നെതര്‍ലന്‍ഡ്‌സില്‍ ടൂറ് പോയി കണ്ടുപിടിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി അങ്ങനങ്ങനെ…

രാവിലെ തിരുവനന്തപുരത്ത് നിന്നു കാസര്‍കോട് എത്തി തൊഴില്‍ ഉറപ്പു ജോലിയും കഴിഞ്ഞു ബിരിയാണിയും കഴിച്ചു വൈകുന്നേരം തിരികെ തിരുവനന്തപുരത്ത് എത്തി വീട്ടില്‍ കിടന്നുറങ്ങുക എന്ന സ്വപ്‌നമായിരുന്നു പല സഖാക്കന്‍മാരും പങ്കുവെച്ചിരുന്നത്. ഹാ പ്രതിപക്ഷം കുത്തിത്തിരിപ്പ് നടത്തിയ സ്ഥിതിക്ക് ഇനി സ്വപ്‌നം സ്വപ്‌നമായി അവശേഷിക്കും. ഒടുവില്‍ പതിവ് പോലെ പവനായി ശവമായി. കേന്ദ്രത്തെ സോപ്പിടാന്‍ എന്തൊക്കെ തിത്തൈ തികൃതൈ കളികളാണ് സര്‍ക്കാറും മുഖ്യനും കാണിച്ചത്. ഭരണം സ്‌ക്രീനില്‍ നോക്കി വിലയിരുത്താന്‍ ബെസ്റ്റ് ഗുജറാത്താണെന്നു പറഞ്ഞ് ചീഫ് സെക്രട്ടറിയടക്കമുള്ളവരെ മോദിയുടെ നാട്ടിലേക്ക് പഠനത്തിന്‌വിട്ടു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ റെയില്‍ വികസനം ചര്‍ച്ചയാവുമെന്ന് ആദ്യം പറഞ്ഞ സര്‍ക്കാറും സി.പി.എമ്മും തിരഞ്ഞെടുപ്പ് കഴിയുവോളം കെ റെയിലിന്റെ മഞ്ഞക്കുറ്റികള്‍ നാട്ടിയില്ല. തിരഞ്ഞെടുപ്പ് ഫലം വന്നു എട്ടു നിലയില്‍ പൊട്ടി പിന്നീട് ഇതേ കുറിച്ച് നിലപാടിന്റെ ആശാന്‍മാര്‍ മിണ്ടിയതുമില്ല.

യു ടേണ്‍ അടിക്കുന്ന കാര്യത്തില്‍ മുഖ്യന് റെക്കോഡ് തന്നെയുണ്ട്. നേരത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉത്തരവിട്ടു. പ്രതിഷേധം വന്നു നിലപാട് മാറ്റി, യു ടേണ്‍. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. മുസ്്‌ലിംലീഗിന്റെ ശക്തമായ പ്രതിഷേധം വന്നു. മുസ്്‌ലിംലീഗിനെ ആരു കണക്കാക്കുന്നുവെന്ന് വീമ്പിളക്കിയ മുഖ്യന്‍ പ്രതിഷേധം കനത്തതോടെ വീണ്ടും യു ടേണ്‍. ജന്‍ഡ്രല്‍ ന്യൂട്രല്‍ ഡ്രസെന്നും പറഞ്ഞ് മതനിരാസത്തിനുള്ള വഴിയായിരുന്നു പിന്നീട് തുറന്നത്. ഒടുവില്‍ പ്രതിഷേധം കാരണം അവിടേയും യു ടേണ്‍ തന്നെ ഗതി. കെ റെയിലുമായി ബന്ധപ്പെട്ട് ഒരു അനുമതിയും നേരത്തെ കിട്ടിയിരുന്നില്ല. എന്നാല്‍ അന്ന് അതിനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ആ ചോദ്യം മുഖ്യമന്ത്രിയും മറ്റു ഇടതു നേതാക്കളും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. നേരത്തെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എന്തുവന്നാലും കെ റെയില്‍ ഓടിക്കും എന്നു തന്നെയായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നാട്ടുകാര്‍ വോട്ട് ചെയ്ത് ഓടിച്ചപ്പോഴാണ് യു ടേണിനെ കുറിച്ച് പതിയെ ചിന്ത വന്നത്. ലോകായുക്തയുടെ പല്ല് പറിച്ച് അഴിമതിക്ക് കുടപിടിച്ച സര്‍ക്കാര്‍ മുന്നാക്ക സംവരണ കാര്യത്തില്‍ കാണിച്ച ധൃതിയായിരുന്നു കെ റെയിലിന് കല്ലിടാനും കാണിച്ചിരുന്നത്.]

web desk 3: