X
    Categories: Health

കോവിഡ് മരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വാക്‌സിനുകള്‍ 95% ഫലപ്രദം

കോവിഡ് മൂലമുള്ള മരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ 95 ശതമാനം വരെ ഫലപ്രദമാണെന്ന് പഠനം. കോവിഷീല്‍ഡോ കോവാക്‌സിനോ ഒരു ഡോസ് എടുത്താലും കോവിഡ് അണുബാധ മൂലമുള്ള മരണസാധ്യത ഗണ്യമായി കുറയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വെല്ലൂര്‍ സിഎംസിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കോവിഡ് രണ്ടാം തരംഗത്തിനിടെ തങ്ങളുടെ സേനാംഗങ്ങള്‍ക്ക് നടത്തിയ വാക്‌സിനേഷന്റെയും കോവിഡ് മരണങ്ങളുടെയും വിവരങ്ങള്‍ തമിഴ്‌നാട് പൊലീസ് വകുപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതുപയോഗിച്ചാണ് വാക്‌സിന്‍ എടുത്തവരും അല്ലാത്തവരുമായ പൊലീസുകാരുടെ കോവിഡ് അനുബന്ധ മരണങ്ങള്‍ താരതമ്യം ചെയ്തത്. തമിഴ്‌നാട് പൊലീസ് സേനയിലെ 1,17,524 പൊലീസുകാരില്‍ 32,792 പേര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിനും 67,673 പേര്‍ രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി ഒന്നിനും മെയ് 14 നും ഇടയിലാണ് ഇവര്‍ വാക്‌സീന്‍ എടുത്തത്. ശേഷിക്കുന്ന 17,059 പേര്‍ വാക്‌സിന്‍ ഇതുവരെ എടുത്തിട്ടില്ല.

2021 ഏപ്രില്‍ 13 നും മെയ് 14 നും ഇടയില്‍ 31 പൊലീസുകാരാണ് തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതില്‍ നാലുപേര്‍ കോവിഡ് വാക്‌സീന്‍ രണ്ട് ഡോസും ഏഴു പേര്‍ ഒരു ഡോസും എടുത്തവരാണ്. അതേസമയം ശേഷിക്കുന്ന 20 പേര്‍ വാക്‌സീന്‍ എടുക്കാത്തവരാണ്.
അതായത് വാക്‌സീന്‍ എടുക്കാത്തവരില്‍ കോവിഡ് അനുബന്ധ മരണം 1000 പേരില്‍ 1.17 എന്ന നിരക്കിലാണ്. ഒരു ഡോസ് വാക്‌സീന്‍ എടുത്തവരില്‍ മരണസാധ്യത 1000 പേരില്‍ 0.21 എന്ന നിരക്കിലാണ്. രണ്ട് ഡോസും എടുത്തവരില്‍ ഇത് 0.06 ആയി കുറയുന്നു.
കോവിഡ് അനുബന്ധ മരണങ്ങള്‍ തടയുന്നതില്‍ ഒരു ഡോസ് വാക്‌സീന്‍ 82 ശതമാനവും രണ്ട് ഡോസ് വാക്‌സീന്‍ 95 ശതമാനവും ഫലപ്രദമാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു.

web desk 3: