kerala

വടക്കഞ്ചേരി അപകടം; ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കൊല്ലത്ത് പിടിയില്‍

By Test User

October 06, 2022

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ പിടിയില്‍. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കവെകൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോമോന്‍ പോലീസിന്റെ പിടിയിലാകുന്നത്.രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അപകടശേഷം വടക്കഞ്ചേരിയിലെ ആശുപത്രിയില്‍ നിന്ന് ഡ്രൈവര്‍ കടന്നുകളഞ്ഞിരുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ച് ഒന്‍പത് മരണം സംഭവിച്ചത്.മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും, ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു.അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 7 പേരുടെ നില ഗുരുതരമാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റുമായി വിനോദയാത്രയ്ക്ക് ഊട്ടിക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകില്‍ ഇടിക്കുകയായിരുന്നു.എറണാകുളം വെട്ടിക്കല്‍ ബേസിലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടം സൃഷ്ടിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു.