X
    Categories: Views

വടക്കാഞ്ചേരി കൂട്ടമാനഭംഗം: ഇരയുടെ പേര് വെളിപ്പെടുത്തിയ കെ. രാധാകൃഷ്ണനെതിരെ അന്വേഷണം

വടക്കാഞ്ചേരിയില്‍ സി.പി.എം നേതാവിന്റെയും കൂട്ടാളികളുടെയും ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണനെതിരെ പൊലീസ് അന്വേഷണം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ.്പി ബാബുരാജിനാണ് അന്വേഷണ ചുമതല. യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും നല്‍കിയ പരാതിയിലാണ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചത്. രാധാകൃഷ്ണനോട് വിശദീകരണം തേടാന്‍ ദേശീയ വനിതാ കമ്മീഷനും തീരുമാനിച്ചു. രാധാകൃഷ്ണനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. സമന്‍സ് ലഭിച്ചാല്‍ രണ്ട് ദിവസത്തിനകം രാധാകൃഷ്ണന്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാകേണ്ടി വരും. സ്വമേധയാ കേസെടുത്തതായി കമ്മിഷന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തയച്ചു.

പീഡനത്തിന് ഇരയാകുന്ന സ്ത്രീയുടെ പേര് വെളിപ്പെടുത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ കെ. രാധാകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇരയുടെ പേര് പറഞ്ഞത്. രാധാകൃഷ്ണനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ വൈകരുതെന്നും കുമ്മനം ആവശ്യപ്പെട്ടു. ഡി.ജി.പി പൊലീസ് ആസ്ഥാനത്തില്ലാത്തതിനാല്‍ ഇ-മെയില്‍ വഴിയാണ് കുമ്മനം പരാതി നല്‍കിയത്. നിയമസഭാ സ്പീക്കര്‍ ആയിരുന്ന ആള്‍ ഇരയുടെ പേര് പരസ്യമായി പറഞ്ഞത് ബോധപൂര്‍വം തന്നെയാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആവശ്യപ്പെട്ടു.

വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കവെയാണ് രാധാകൃഷ്ണന്‍ ഇരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയത്. എന്നാല്‍ മാധ്യമങ്ങള്‍ ഇരയുടെ പേര് പ്രസിദ്ധീകരിച്ചില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ ഉപവകുപ്പ് പ്രകാരം മാനഭംഗത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തുന്നതു രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാനും കഴിയില്ല. രാധാകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായതു കുറ്റകരമായ വീഴ്ചയാണെന്നു ചൂണ്ടികാണിച്ചാണു കുമ്മനം പരാതി നല്‍കിയത്. ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്താ സമ്മേളനത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം പ്രതിയും സി.പി.എം നേതാവുമായ ജയന്തന്റെ പേര് വെളിപ്പെടുത്താമെങ്കില്‍ സ്ത്രീയുടെ പേരു വെളിപ്പെടുത്തുന്നതും തെറ്റല്ലന്നാണ് രാധാകൃഷ്ണന്റെ പ്രതികരണം.
അതിനിടെ, രാധാകൃഷ്ണനെതിരെ പരാതിക്കാരി രംഗത്തെത്തി. പിഞ്ചുകുട്ടികളെ ഇട്ടിട്ട് പോയ സ്ത്രീയാണെന്ന് ഒമ്പത് വര്‍ഷത്തിന് ശേഷം കേസ് പൊന്തിവന്ന ഘട്ടത്തിലാണോ രാധാകൃഷ്ണന്‍ തിരിച്ചറിഞ്ഞതെന്ന് യുവതി ചോദിച്ചു.

chandrika: