X
    Categories: NewsViews

വാളയാര്‍ പീഡനം: പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അമ്മ

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരങ്ങളായ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതായി തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍. എന്നാല്‍, ഇനിയൊരു പോലീസന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. മൂത്ത പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ പീഡിപ്പിക്കുന്നത് താനും ഭര്‍ത്താവും നേരില്‍ക്കണ്ടിരുന്നു. ഈവിവരം അന്വേഷണസംഘത്തിന് മുന്നിലും കോടതിയിലും പറഞ്ഞിട്ടും നീതികിട്ടിയില്ല. പ്രതികള്‍ക്ക് സി.പി.എം. ബന്ധമുണ്ടെന്നും ഇവര്‍ ആരോപിച്ചു.

ഇനിയൊരു പോലീസന്വേഷണത്തില്‍ വിശ്വാസമില്ല. അന്വേഷണത്തിന്റെ ഓരോ സമയത്തും ഉദ്യോഗസ്ഥര്‍ രേഖകളും തെളിവുകളുമെല്ലാം വാങ്ങിപ്പോയപ്പോള്‍ കരുതിയതൊക്കെ വെറുതെയായി. ഇനി ഒരുരേഖയോ തെളിവോ ഞങ്ങളുടെ കൈയിലില്ല. എന്റെ മക്കള്‍ക്ക് നീതിലഭിക്കുന്ന അന്വേഷണം വേണം-കുട്ടികളുടെ അമ്മ പറഞ്ഞു.

രണ്ട് കേസിന്റെയും വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ അപ്പീല്‍നല്‍കുമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍നടന്ന കോടതിവിധികളില്‍ ഒരു പ്രതിയെ ആദ്യം വെറുതെവിട്ടതിന്റെ വിധിപ്പകര്‍പ്പ് പോലീസിന് കിട്ടിയതായി ഡി.െഎ.ജി. പറഞ്ഞു.

25ന് മൂന്നുപ്രതികളെ വെറുെതവിട്ടതിന്റെ വിധിപ്പകര്‍പ്പ് കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനുശേഷമാവും അപ്പീലിനുപോവുക. പ്രതികളും സാക്ഷികളും കോടതിയില്‍ കൊടുത്തിട്ടുള്ള മൊഴിയുടെ പകര്‍പ്പും അപ്പീല്‍നല്‍കാന്‍ ആവശ്യമാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ശേഖരിച്ചാലേ മുന്‍ അന്വേഷണത്തില്‍ വീഴ്ചപറ്റിയോ എന്ന് വ്യക്തമാവൂ എന്ന് ഡി.ഐ.ജി. പറഞ്ഞു.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുണ്ടായതായി നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു. പ്രതികള്‍ക്കായി ആദ്യം കേസ് വാദിച്ച അഭിഭാഷകന്‍ പിന്നീട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായതായി പരാതിയുയര്‍ന്നു. ഈ അഭിഭാഷകനുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് പിന്നീട് പ്രതികള്‍ക്കായി വാദിച്ചതും പ്രോസിക്യൂഷനുവേണ്ടി പലപ്പോഴും ഹാജരായതുമെന്ന ആക്ഷേപം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: