X

പുരസ്‌ക്കാര നിറവില്‍ വള്ളിക്കാപ്പറ്റ സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റ്

കൂട്ടിലങ്ങാടി(മലപ്പുറം): ഭിന്നശേഷിക്കാര്‍ക്ക് മികച്ച പ്രാപ്യത നല്‍കുന്ന സ്‌കൂളിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരം വളളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റിന്. കാഴ്ച പരിമിതരുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി രാജ്യത്തിന് തന്നെ മാതൃകയാകുന്ന രൂപത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

ഗണിത ജ്യോതിശാസ്ത്ര ആശയങ്ങള്‍ ചിത്രീകരിച്ച് നിര്‍മ്മിച്ച ഉല്ലാസ് പെഡഗോഗി പാര്‍ക്ക്, തൊട്ടും മണത്തും രുചിച്ചും പഠിക്കാനാവശ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത നാമ്പ് എന്ന പേരിലുള്ള സ്പര്‍ശ ഗന്ധോദ്യാനം, ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകാര്‍ക്ക് ശാസ്ത്ര പരീക്ഷണ ക്കള്‍ക്കായി നിര്‍മ്മിച്ച അഡാപ്റ്റഡ് സയന്‍സ് ലാബ്, മികച്ച രീതിയില്‍ സജജീകരിച്ച ബ്രെയിനി ലൈബ്രറി, ആധുനിക സംവിധാനങ്ങളോടെ നിര്‍മ്മിച്ച ഭിന്ന സൗഹൃദ പാചക ഭക്ഷണപ്പുര തുടങ്ങിയവയാണ് സ്‌കൂളിനെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.

മലപ്പുറം ജില്ലയില്‍ കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റയില്‍ 1955 ല്‍ സ്ഥാപിച്ച ഈ റസിഡന്‍ഷ്യല്‍ വിദ്യാലയത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ,എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ളവരെ കൂടാതെ തമിഴ്‌നാട്ടിലെ ഗൂഢല്ലൂര്‍, ചെന്നെ. ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 36 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും ഉള്‍പ്പെടെ 74 കുട്ടികള്‍ താമസിച്ച് പഠിക്കുന്നുണ്ട്. കാഴ്ച പരിമിതരെ കൂടാതെ 2000 ല്‍ കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച കാഴ്ച കേള്‍വി വൈകല്യങ്ങള്‍ ഒന്നിച്ച് ബാധിച്ച ബധിരാന്ധര്‍ക്കായുള്ള പുനരധിവാസ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. 29 പേര്‍ ഈ കേന്ദ്രത്തിലുണ്ട്. 13 അധ്യാപകരില്‍ സംഗീതം ,ബ്രെയ്ല്‍, ഐടി എന്നിവയിലെ 4 പേരും 10 അനധ്യാപക ജീവനക്കാരില്‍ രണ്ട് പേരും കാഴ്ച പരിമിതരാണ്.

ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ബധിരാന്ധ പുനരധിവാസ കേന്ദ്രത്തിലേക്കാവശ്യമായ തെറാപ്പി ഉപകരണങ്ങള്‍, ബഹുവൈകല്യം, ഓട്ടിസം എന്നിവ ബാധിച്ചവര്‍ക്കുള്ള വാട്ടര്‍ തെറാപ്പി, സ്വിമ്മിംഗ് പൂള്‍, പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍, പൂജ്യം മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവ ഭാവി പദ്ധതികളാണെന്ന് പ്രധാനാധ്യാപകന്‍ പി.അബ്ദുല്‍ കരീം പറഞ്ഞു. 25000 രൂപയും പ്രശസ്തിപത്രവും, സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ് ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 ന് സമ്മാനിക്കും

web desk 3: