X

വനിതാമതില്‍: പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ വിവാദത്തിലേക്ക്

തിരുവനന്തപുരം: വനിതാമതില്‍ സംഘാടനത്തിനായി യോഗം വിളിക്കാന്‍ നിര്‍ദേശിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ വിവാദമാകുന്നു. എല്ലാ പഞ്ചായത്ത് ഓഫീസുകളിലും വ്യാഴാഴ്ച യോഗം ചേരണമെന്ന് നിര്‍ദേശിച്ച് ബുധനാഴ്ചയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറിമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. എന്നാല്‍ പലയിടത്തും യു.ഡി.എഫ് പഞ്ചായത്ത് സമിതികള്‍ സര്‍ക്കുലറിനെ എതിര്‍ക്കുകയും യോഗവുമായി നിസഹകരിക്കുകയും ചെയ്തു. ഇടതു പഞ്ചായത്തുകള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് യോഗം ചേര്‍ന്നു. വനിതാ മതിലില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ സ്‌ക്വാഡുകളായി പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ്.സി- എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം അടിയന്തരമായി വിളിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വനിതാമതിലിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ അറിയിപ്പുകള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വനിതാ മതിലില്‍ പരമാവധിയാളുകളെ പങ്കെടുപ്പിക്കാനുള്ള ശ്രമം ഓരോരുത്തരും നടത്തണം, നാളെ വാര്‍ഡ് തലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍, തൊഴിലുറപ്പു മേറ്റുമാര്‍, ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരകുമാര്‍, എസ് സി-എസ് ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ യോഗം ബന്ധപ്പെട്ട എ ഡി എസ്/ സി ഡി എസുമാരുടെ നേതൃത്വത്തില്‍ ചേരണം. 30, 31 തിയതികളില്‍ വാര്‍ഡ് തലങ്ങളില്‍ സ്‌ക്വാഡ് വര്‍ക്കുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് പഞ്ചായത്ത് തല യോഗത്തില്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തേണ്ടതാണെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.

chandrika: