X

മന്ത്രി വീണയുടെ പരാമര്‍ശം അപഹാസ്യം; മാപ്പുപറയണമെന്ന് വനിതാലീഗ്; ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പരാജയമാണ് പുറത്തുവന്നതെന്ന് എം.എസ്.എഫ്.

കോഴിക്കോട്: കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനദാസിനെക്കുറിച്ചുള്ള ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിന്റെ പരാമര്‍ശം അതിരുകടന്നതും സ്ത്രീവിരുദ്ധവുമാണെന്ന് വനിതാലീഗ് സംസ്ഥാന കമ്മിറ്റി. എല്ലാവരും ഞെട്ടലിലും ദുഖത്തിലുമായപ്പോള്‍ നിരുത്തരവാദപരമായി വെറും ന്യായീകരണത്തൊഴിലാളിയായി അധപതിച്ച ആരോഗ്യമന്ത്രി കേരളത്തിന് അപമാനമാണ്. അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അവര്‍ മാപ്പുപറയണം. മുഖ്യമന്ത്രിയുടെ സ്തുതിപാടക സംഘത്തിലെ എക്‌സ്പീരിയന്‍സിനപ്പുറം ഒരു പൊതു പ്രവര്‍ത്തന പരിചയവുമില്ലാ്ത്ത വീണ, 23 വയസ്സുള്ള യുവ ഡോക്ടറുടെ എക്‌സ്പീരിയന്‍സ് ചികയുന്നത് അധമമാണ്. ബാറുകളും മദ്യശാലകളും നാടാകെ തുറന്ന് ലഹരിമാഫിയക്ക് ഭരണം അടിയറവെച്ചതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും ഞെട്ടിപ്പട്ടമായി കൊണ്ടു നടക്കുന്ന പിണറായി സര്‍ക്കാറിന്റെ മനുഷ്യ നിര്‍മ്മിത ദുരന്തമാണ് തുടരുന്നത്. താനൂരിലും കൊട്ടാരക്കരയിലുമെല്ലാം ചേതനയറ്റു വീണ മനുഷ്യരുടെ രക്തപ്പുഴയില്‍ എല്‍.ഡി.എഫ് സര്‍്ക്കാര്‍ ഒലിച്ചു പോവും. സ്ത്രീ സുരക്ഷ ഇത്രയേറെ തകര്‍ന്നൊരു കാലമില്ല. ഇതിനെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സുവും ആവശ്യപ്പെട്ടു.

ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പരാജയമാണ് പുറത്തുവന്നതെന്ന് എം.എസ്.എഫ്.

മലപ്പുറം: സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ പ്രതിയുടെ ആക്രമണത്തില്‍ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പരാജയമാണ് പുറത്തുവന്നതെന്ന് എം.എസ്.എഫ്. മലപ്പുറത്ത് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധം പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പ്രസ്താവന കേരള സമൂഹത്തിന് അപമാനമാണെന്നും, മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷറഫുദ്ദീന്‍ പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, സമീര്‍ എടയൂര്‍, വി.എം റഷാദ്, കെ.യു ഹംസ, വി.എ വഹാബ്, പി.കെ.എം ഷഫീഖ്, പി.എ ജവാദ്, അമീന്‍ റാഷിദ്, സയ്യിദ് നജീബ് തങ്ങള്‍, അഖില്‍ കുമാര്‍, ജലീല്‍ കാടാമ്പുഴ, എ.വി നബീല്‍, അഡ്വ: ഖമറുസമാന്‍, നവാഫ് കള്ളിയത്ത്, റാഷിദ് കൊക്കൂര്‍, ഷിബി മക്കരപ്പറമ്പ്, എം.പി സിഫ്വ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Chandrika Web: