X

ആരെ ഭയന്നാണ് മുഖ്യമന്ത്രി 40 വണ്ടികളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്നതെന്ന് വിഡി സതീശന്‍

കോഴിക്കോട്- മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം മുന്‍കരുതല്‍ എന്ന പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് യൂത്ത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ്. കരുതല്‍തടങ്കല്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കുന്നതെന്നും അദേഹം ചോദിച്ചു.

മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്? രണ്ട് മണിക്കൂറിന് ശേഷം പെരുമ്പാവൂര്‍ വഴി മുഖ്യമന്ത്രി പോകുന്നുണ്ടെന്ന് പറഞ്ഞാണ് യൂത്ത് കേണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തവരെ കരുതല്‍ തടങ്കലിലാക്കിയതെന്നും അദേഹം പ്രതികരിച്ചു. കരിങ്കൊടി പ്രതിഷേധം പാടില്ലെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നതെന്നും ചോദിച്ചു.

നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്വാഭാവികമായും പ്രതിഷേധിക്കും. ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കല്ലെറിഞ്ഞവരാണ് സി.പി.എമ്മുകാര്‍. വഴിയരികില്‍ നിന്ന് കരിങ്കൊടി കാണിക്കുന്നതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്? സത്യഗ്രഹ സമരം നടത്താന്‍ മാത്രമെ പ്രതിപക്ഷത്തിന് അറിയൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ സത്യഗ്രഹം മാത്രം നടത്താന്‍ അറിയുന്ന പ്രതിപക്ഷത്തെ ഭയന്ന് മുഖ്യമന്ത്രി എന്തിനാണ് 40 വണ്ടികളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്നത്? അദേഹം ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടുകളെ ചോദ്യം ചെയ്തു.

കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ ആളെയും കട ഉടമയെയും പൊലീസ് പേടിപ്പിച്ചു. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ? മുഖ്യമന്ത്രി പോയാല്‍ ഒരാളും വഴിയില്‍ കാണാന്‍ പാടില്ലെന്നാണോ? കുറെക്കാലം കറുപ്പിനോടായിരുന്നു മുഖ്യമന്ത്രിക്ക് ദേഷ്യം. ഇപ്പോള്‍ വെളുത്ത വസ്ത്രമിട്ട് വരുന്ന കോണ്‍ഗ്രസുകാരെ പിടിച്ചുകൊണ്ട് പോകുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെയാണ് യു.ഡി.എഫ് സമരം ചെയ്യുന്നതെന്നും സംസ്ഥാനത്ത് ആത്മഹത്യകള്‍ പെരുകുകയാണെന്നും അദേഹം ഓര്‍മിപ്പിച്ചു.

കടക്കെണിയില്‍ അല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ആറ് മാസം ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തതിനെ അദേഹം അപലപിച്ചു. ജപ്തി ഭയന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. അദേഹം ഓര്‍മിപ്പിച്ചു.

webdesk13: