X

നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് റിസര്‍വ് ചെയ്യുന്നത് നാണംകെട്ട രീതി; പിണറായി സര്‍ക്കാറിനെതിരെ വി.ഡി സതീശന്‍

തിരുവനന്തപുരം: സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എം നേതാക്കന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി സര്‍വകലാശാലയിലെ അധ്യാപകനിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയാണുള്ളത്. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടമെന്റാക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. നിലവാരമുള്ളവരെ നിര്‍ത്തി നിയമനങ്ങള്‍ സിപിഎം നേതാക്കന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി റിസര്‍വ് ചെയ്യുന്ന നടപടി അത്യന്തം നാണംകെട്ട ഏര്‍പ്പാടാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

അധ്യാപക നിയമനം പൂര്‍ണമായും പിഎസ് സിക്ക് വിടണമെന്നതാണ് യു.ഡി.എഫിന്റെ തീരുമാനം. നേരത്തെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടത് യു.ഡി.എഫ് സര്‍ക്കാറാണ്. വര്‍ഷങ്ങള്‍ ഗവേഷണം നടത്തി പിഎച്ച്ഡി എടുത്തവരെ മുഴുവന്‍ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Chandrika Web: