X
    Categories: Views

പ്രമുഖരെ കണ്ടും പിന്തുണ ഉറപ്പിച്ചും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രചാരണത്തില്‍

മലപ്പുറം
മഴ മാറി നിന്ന ഇന്നലെ വേങ്ങരയില്‍ തെരഞ്ഞെടുപ്പു ചൂടും ഉയര്‍ന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ മണ്ഡലത്തില്‍ സജീവമായി. ഔദ്യോഗിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് കഴിഞ്ഞ ദിവസം വേങ്ങരയില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത ബഹുജന കണ്‍വന്‍ഷനും നടന്നിരുന്നു. പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്്‌ലിയാരുടെ ആശിര്‍വാദം നേടിയാണ്് ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ പ്രചരണം ആരംഭിച്ചത്. രാവിലെ തന്നെ ബാപ്പുട്ടി മുസ്്‌ലിയാരെ സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥി പ്രാര്‍ത്ഥനയും പിന്തുണയും ഉറപ്പുവരുത്തിയാണ് മടങ്ങിയത്. മമ്പുറം സയ്യിദ് അലവി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം മഖാമിലേക്കായിരുന്നു പിന്നീടുള്ള യാത്ര. തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ചക്കുള്ള ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നതിനിടയിലേക്കാണ് സ്ഥാനാര്‍ത്ഥിയെത്തിയത്. മഖാം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. മഖാമില്‍ സിയാറത്ത് നടത്തിയാണ് മടങ്ങിയത്. പഴകത്ത് അഹമ്മദ്കുട്ടി ഹാജിയുടെ മകള്‍ ഫാത്തിമയുടെ കല്യാണം നടക്കുന്ന കോട്ടക്കല്‍ പി.എം ഓഡിറ്റോറിയം ലക്ഷ്യമാക്കിയാണ് പിന്നെ സ്ഥാനാര്‍ത്ഥി നീങ്ങിയത്. വീട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിയെ കണ്ടതും കൂട്ടം കൂടിയ സ്ത്രീകളും കുട്ടികളും വോട്ടെല്ലാം യു.ഡി.എഫിന് തന്നെയെന്ന് ഉറക്കെ പറഞ്ഞു. പുതുനാരിപ്പെണ്ണിന് മംഗളാംശംസകളും നേര്‍ന്ന് ഭക്ഷണവും കഴിച്ചാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. വേങ്ങരയിലെ ഖലീജ് ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണത്തിലും പങ്കെടുത്ത്് ഉച്ചക്ക് മുമ്പുള്ള പ്രചരണം അവസാനിപ്പിച്ചു. വൈകുന്നേരം നാലുമണിക്ക് വേങ്ങരയില്‍ നടന്ന വനിതലീഗ് കണ്‍വന്‍ഷനിലാണ് പിന്നെ സ്ഥാനാര്‍ത്ഥി പങ്കെടുത്തത്. തുടര്‍ന്ന് വേങ്ങരയിലെ വിവിധ പഞ്ചായത്ത് കണ്‍വന്‍ഷനുകളിലും സ്ഥാനാര്‍ത്ഥി വോട്ടഭ്യാര്‍ത്ഥിച്ചെത്തി. സ്ഥാനാര്‍ത്ഥി എത്തുന്നിടത്തെല്ലാം മനം നിറയുന്ന വരവേല്‍പ്പാണ് ലഭിച്ചത്. കുട്ടികളും യുവാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പം നിന്ന് ഫോട്ടോയെടുത്തും കുശലാന്വേഷണം നടത്തിയും സന്തോഷത്തിനൊപ്പം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള രോഷം ഓരോ വോട്ടര്‍മാരും പങ്കുവെച്ചു. വിലക്കയറ്റവും റേഷന്‍ സമ്പ്രദായത്തിന്റെ തകര്‍ച്ചയും പറഞ്ഞ് വേദനയോടെ സ്ത്രീകളടക്കം പരിഭവിച്ചു. എല്ലാ രംഗത്തും പാടെ തകര്‍ന്ന ഭരണവും കേന്ദ്ര കേരള സര്‍ക്കാറുകളുടെ ന്യൂനപക്ഷ വേട്ടയും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു. പ്രചരണത്തിലേക്കിറങ്ങിയതുമുതല്‍ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. തുടക്കം തന്നെ പ്രചരണങ്ങളില്‍ യു.ഡി.എഫ് ബഹുദൂരം മുന്നേറിക്കഴിഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിത്രത്തിലേയില്ല. ഭരണ വിരുദ്ധ വികാരം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന ഭയത്തിലാണ് ഇടത് ക്യാമ്പ്. സംസ്ഥാന ഭരണത്തെ കുറിച്ച് ഒരക്ഷരം പറയാതെയാണ് ഇടതിന്റെ പ്രചരണം. വരും ദിവസങ്ങളില്‍ യുഡിഎഫിന്റെ സംസ്ഥാന നേതാക്കളെല്ലാം മണ്ഡലത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വേങ്ങരയില്‍ ചേര്‍ന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളും മുഴുവന്‍ ഘടകകക്ഷി നേതാക്കളും പങ്കെടുത്തതും ഇടതിനെ തളര്‍ത്തിയിട്ടുണ്ട്. പഞ്ചായത്തുകണ്‍വന്‍ഷനുകളുംകൂടി ചൂട് പിടിക്കുന്നതോടെ യു.ഡി.എഫ് പ്രചരണത്തില്‍ പൂര്‍ണ്ണമായും മേല്‍ക്കൈ നേടും.

chandrika: