X
    Categories: keralaNews

അവശ്യസാധനവില ഇരട്ടിയിലേറെ ; വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന വാഗ്ദാനം പൊള്ളയായി

ലുഖ്മാന്‍ മമ്പാട്

ഇഞ്ചിവില ഡബിള്‍ സെഞ്ചുറിയിലേക്ക് കുതിക്കുമ്പോള്‍ കീശയില്‍നിന്ന് നെഞ്ചിലേക്ക് ആശങ്കയുടെ എരുവും നീറ്റലും പടരുന്നു. സര്‍ക്കാറൊരു കൊള്ള സംഘമായി അധപ്പതിച്ചതോടെ പൂഴത്തിവെപ്പും കരിഞ്ചന്തയും മൂലം സര്‍വ്വ മേഖലയിലും വിലക്കയറ്റം വാണം പോലെ മേലോട്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലയെല്ലാം മത്സരിച്ച് മുന്നേറുമ്പോഴും വിപണിയില്‍ ഇടപെടാനോ ആശ്വാസം പകരാനോ സര്‍ക്കാറിന് മനസ്സില്ല.
കോഴിയിറച്ചി വില കിലോക്ക് വില 250 ലേക്ക് കടന്നതോടെ വ്യാപാരികള്‍ തന്നെ കോഴിക്കോട് ഉള്‍പ്പെടെയുളള ജില്ലകളില്‍ സമരം ആരംഭിച്ചു. കോഴിമുട്ടക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഏഴു രൂപ വരെയാണ് ഒന്നിന്റെ വില. ട്രോളിംഗ് നിരോധനത്തോടെ നല്ല മീന്‍ കിട്ടാക്കനിയായെന്നു മാത്രമല്ല, വില മത്തിക്കും ഐലക്കും പോലും 300 കടന്നു. അരിക്കും പയറിനും തുടങ്ങി ധാന്യങ്ങള്‍ക്കെല്ലാം 10 മുതല്‍ 20 രൂപ വരെ കൂടി. ഇഞ്ചി വില കിലോക്ക് 60 രൂപയില്‍ നിന്നാണ് 180 ആയത്. ബീന്‍സ്, ക്യാരറ്റ്, മുരിങ്ങക്കായ, വെളുത്തുള്ളി തുടങ്ങിയവയെല്ലാം സെഞ്ച്വറി കടന്നു. പച്ച മുളകിന് പോലും 90 രൂപയായപ്പോള്‍ കഴിഞ്ഞ മാസം 28 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് 50 മുതല്‍ 80 രൂപ വരെയാണ് സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ വില.
വെളുത്തുള്ളിക്ക് 45ല്‍ നിന്നാണ് മൂന്നിരട്ടിയോളം കൂടി 130 രൂുപയായത്. 20 രൂപയുണ്ടായിരുന്ന വെണ്ടക്ക് 40 പിന്നിട്ടു. 20 രൂപയില്‍ നിന്നാണ് ക്വാളി ഫ്‌ളവര്‍ 60 രൂപയിലെത്തിയത്. കഴിഞ്ഞ മാസം 50 രൂപയായിരുന്ന മുരിങ്ങക്കായക്ക് 100 രൂപയായി. 65 രൂപയുണ്ടായിരുന്ന ബീന്‍സിനും 70 രൂപയായിരുന്ന ക്യാരറ്റിനുമെല്ലാം 100 രൂപ പിന്നിട്ടപ്പോള്‍ 20 രൂപക്ക് താഴെയായിരുന്ന തക്കാളി 50 – 60 രൂപയായി. പഴ വിപണിയില്‍ തൊട്ടാല്‍ മധുരത്തിന് പകരം കൈപ്പാണ്. ഓറഞ്ച് വില 60ല്‍ നിന്ന് 100 രൂപ കൂടി 160 ആയി. ആപ്പിളിന് 220 മുതല്‍ 240 വരെയാണ്. മുന്തിരിയും സെഞ്ച്വറിയടിച്ചു.
റേഷന്‍ കടകള്‍ ഇ പോസ് സംവിധാനത്തിന്റെ തകരാര്‍ മൂലം കുത്തഴിഞ്ഞതോടെ സാധാരണക്കാര്‍ പോലും ബദല്‍ മാര്‍ഗം തേടുകയാണ്. മാട്ടിറച്ചി വില വര്‍ധിപ്പിക്കാനുള്ള അണിയറ നീക്കവും ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും കേരളത്തിലെ പച്ചക്കറി, കോഴി വിലയെല്ലാം പാതിയിലും താഴെ നില്‍ക്കുമ്പോഴാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് അവശ്യ സാധന വില കുതിച്ചുയരുന്നത്.

Chandrika Web: