X

വെള്ളക്കരം വര്‍ധനവ് ഏപ്രില്‍ മുതല്‍: വര്‍ധിപ്പിക്കുന്നത് ലിറ്ററിന് ഒരു പൈസ വീതം

സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ വെള്ളക്കരം കൂടും. ലിറ്ററിന് ഒരു പൈസ വീതമാണ് വര്‍ദ്ധിപ്പിക്കുന്നത്. വെള്ളക്കരം വര്‍ദ്ധന മാര്‍ച്ചിന് ശേഷം പ്രാബല്യത്തില്‍ വരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓരോ ആയിരം ലിറ്ററിനും 10 രൂപ വീതമാണ് കൂടുന്നത്. നിലവില്‍ 10,000 ലിറ്ററിന് 44. 41 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിലൂടെ ഇനി 10,000 ലിറ്ററിന് 144.41 രൂപ ഒടുക്കേണ്ടിവരും.

15,000 ലിറ്ററിന് 71. 65 രൂപയുടെ സ്ഥാനത്ത് ഇനി 221 .61 രൂപ നല്‍കണം. 20,000 ലിറ്ററിന് 132.4 രൂപയുടെ സ്ഥാനത്ത് ഇനി 332.4 രൂപയും.

ജല അതോറിറ്റിയുടെ നഷ്ടം നികത്താനാണ് വെള്ളത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ 2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് ജല അതോറിറ്റി. നിരക്ക് വര്‍ദ്ധനവിലൂടെ പ്രതിവര്‍ഷം കിട്ടുക 300 350 കോടി രൂപയാണ്.

വര്‍ദ്ധനവ് ചെറിയ തോതിലാണെന്നും സേവനം മെച്ചപ്പെടുത്താനാണ് തുക ഉയര്‍ത്തുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുടിശ്ശിക പിരിവും ഊര്‍ജ്ജിതമാക്കും. ആരുടേയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ, അതാണ് കണക്ഷന്‍ വിച്ഛേദിക്കാത്തത്. പുതിയ സിസ്റ്റങ്ങള്‍ കൊണ്ട് വരാനുള്ള വരുമാനം കണ്ടെത്താനാണ് വര്‍ദ്ധവ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

webdesk13: