Connect with us

kerala

വെള്ളക്കരം വര്‍ധനവ് ഏപ്രില്‍ മുതല്‍: വര്‍ധിപ്പിക്കുന്നത് ലിറ്ററിന് ഒരു പൈസ വീതം

കുടിശ്ശിക പിരിവും ഊര്‍ജ്ജിതമാക്കും

Published

on

സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ വെള്ളക്കരം കൂടും. ലിറ്ററിന് ഒരു പൈസ വീതമാണ് വര്‍ദ്ധിപ്പിക്കുന്നത്. വെള്ളക്കരം വര്‍ദ്ധന മാര്‍ച്ചിന് ശേഷം പ്രാബല്യത്തില്‍ വരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓരോ ആയിരം ലിറ്ററിനും 10 രൂപ വീതമാണ് കൂടുന്നത്. നിലവില്‍ 10,000 ലിറ്ററിന് 44. 41 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിലൂടെ ഇനി 10,000 ലിറ്ററിന് 144.41 രൂപ ഒടുക്കേണ്ടിവരും.

15,000 ലിറ്ററിന് 71. 65 രൂപയുടെ സ്ഥാനത്ത് ഇനി 221 .61 രൂപ നല്‍കണം. 20,000 ലിറ്ററിന് 132.4 രൂപയുടെ സ്ഥാനത്ത് ഇനി 332.4 രൂപയും.

ജല അതോറിറ്റിയുടെ നഷ്ടം നികത്താനാണ് വെള്ളത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ 2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് ജല അതോറിറ്റി. നിരക്ക് വര്‍ദ്ധനവിലൂടെ പ്രതിവര്‍ഷം കിട്ടുക 300 350 കോടി രൂപയാണ്.

വര്‍ദ്ധനവ് ചെറിയ തോതിലാണെന്നും സേവനം മെച്ചപ്പെടുത്താനാണ് തുക ഉയര്‍ത്തുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുടിശ്ശിക പിരിവും ഊര്‍ജ്ജിതമാക്കും. ആരുടേയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ, അതാണ് കണക്ഷന്‍ വിച്ഛേദിക്കാത്തത്. പുതിയ സിസ്റ്റങ്ങള്‍ കൊണ്ട് വരാനുള്ള വരുമാനം കണ്ടെത്താനാണ് വര്‍ദ്ധവ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

kerala

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം

അഭിമുഖത്തില്‍ പി ആര്‍ കമ്പനി കെയ്സന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കും.

Published

on

നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുത്ത് പ്രതിപക്ഷം.. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം സഭയില്‍ ഉന്നയിക്കാനാണ് തീരുമാനം. അഭിമുഖത്തിലെ വിവാദ പരാമര്‍ശം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചേക്കും. അഭിമുഖത്തില്‍ പി ആര്‍ കമ്പനി കെയ്സന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കും.

നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കിയത് പ്രതിപക്ഷം ചോദ്യം ചെയ്യും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അടക്കം നീക്കം ചെയ്തു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള ചോദ്യങ്ങളും നീക്കം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

നിയമസഭയില്‍ ചോദ്യം നേരിട്ട് ഉന്നയിക്കാനും മറുപടി മന്ത്രിയില്‍ നിന്ന് നേരിട്ട് ലഭിക്കാനുമാണ് പ്രാധാന്യമനുസരിച്ച് നക്ഷത്ര ചിഹ്നമിടുന്നത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കേണ്ടതില്ല. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കും.

അതിനിടെ രാവിലെ എട്ടിന് യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടിയോഗം നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ചേരും. വരും ദിവസങ്ങളില്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗത്തില്‍ തീരുമാനിക്കും.

 

Continue Reading

kerala

എഡിജിപിയുടെ സ്ഥാനമാറ്റം മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം: കെ.സുധാകരന്‍ എംപി

പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

Published

on

മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമാണ് എഡിജിപി എം.ആര്‍.അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ പോലീസ് ബറ്റാലിയനിലേക്ക് നിര്‍ത്തിക്കൊണ്ടാണ് എഡിജിപി അജിത് കുമാറിനോടുള്ള കരുതല്‍ മുഖ്യമന്ത്രി കാട്ടിയത്. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്. ഒട്ടും ആത്മാര്‍ത്ഥമില്ലാത്ത നടപടിയാണ് സര്‍ക്കാരിന്‍റേതും സുധാകരന്‍ തുറന്നടിച്ചു.

നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്. പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടി രാഷ്ട്രീയ ദൗത്യമേറ്റെടുത്ത് ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപിയെ കൈവിടാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആര്‍എസ്എസ് നേതൃത്വത്തിന്‍റെ പ്രീതിനിലനിര്‍ത്താനാണ് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി ചേര്‍ത്ത് പിടിക്കുന്നത്.

എഡിജിപിയെ പരമാവധി സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ തങ്ങളുടെ വിജയമെന്ന് അവകാശപ്പെടുന്നത് സിപിഐയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടാണ്. എഡിജിപിയെ നുള്ളിനോവിക്കാതെ മുഖ്യമന്ത്രി നടത്തിയ തൊലിപ്പുറത്തെ ചികിത്സയെ വിജയമായി ആഘോഷിക്കുന്ന സിപിഐ കേരളീയ സമൂഹത്തില്‍ കൂടുതല്‍ അപഹാസ്യമായെന്നും കെ.സുധാകരന്‍ പറഞ്ഞു.

 

Continue Reading

kerala

അജിത് കുമാറിനെതിരായ നടപടി; തൃപ്തിയില്ലാതെ എൽ‍ഡിഎഫ് ഘടകകക്ഷികൾ

സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തിൽ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്.

Published

on

ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയെങ്കിലും പൂർണ തൃപ്തിയില്ലാതെ ഇടതുമുന്നണിയിലെ ഘടകകക്ഷികൾ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകൾ ഡിജിപി നടത്തിയിട്ടും ക്രമസമാധാന ചുമതലയിൽ നിന്ന് മാത്രം മാറ്റിയതിലാണ് ഘടകകക്ഷികൾക്ക് അതൃപ്തിയുള്ളത്. എന്നാൽ സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തിൽ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നായിരുന്നു എൽഡിഎഫിലെ ഘടകകക്ഷികളുടെ ആവശ്യം. എന്നാൽ സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ തുടർച്ചയായ പ്രതികരണം.

എന്നാൽ അജിത്തിനെ ആ സ്ഥാനത്തുനിന്ന് മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്ന വിലയിരുത്തലാണ് ഘടക കക്ഷികൾക്കുള്ളത്. സംഘപരിവാർ നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള സംശയങ്ങൾ പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വച്ചിരുന്നു.

അതിൻറെ അടിസ്ഥാനത്തിലാണെങ്കിൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് മുഖ്യമന്ത്രി നീങ്ങേണ്ടതായിരുന്നു എന്ന വിലയിരുത്തൽ ഘടകകക്ഷികൾക്ക് ഉണ്ട്. നിയമസഭാ സമ്മേളനത്തിൽ അജിത് കുമാറിനെ മാറ്റിയ വിഷയം ഉയർത്തി മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ആയിരിക്കും സിപിഎം എംഎൽഎമാരുടെ ശ്രമം.

മറ്റ് ഘടകകക്ഷി എംഎൽഎമാർ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. അജിത്കുമാറിനെ മാറ്റിയ ഉത്തരവിൽ കാരണം വ്യക്തമാക്കാത്തത് പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയും കൂടുതലാണ്.

Continue Reading

Trending