X

ബി.ജെ.പി ബന്ധം അവസാനിപ്പിക്കാന്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: ബി.ജെ.പി- ബി.ഡി.ജെ.എസ് ബന്ധത്തില്‍ കടുത്ത നിലപാടുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തിന് പ്രയോജനമില്ലാത്ത സഖ്യത്തിന്റെ ഭാഗമായി തുടരുന്നത് ആത്മഹത്യാപരമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളിക്കുള്ളതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കാസര്‍കോട് കേന്ദ്രസര്‍വകലാശാലക്ക് നാരായണഗുരുവിന്റെ പേര് നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രേഖാമൂലം അറിയിച്ചതോടെയാണ് താന്‍ രൂപം നല്‍കിയ പാര്‍ട്ടിയെ എന്‍.ഡി.എ മുന്നണിയില്‍ നിന്ന് മോചിപ്പിക്കാന്‍ വെള്ളാപ്പള്ളി ശ്രമം ആരംഭിച്ചത്. നേരത്തെ തന്നെ ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന വെള്ളാപ്പള്ളി, കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ദേശീയ പ്രസിഡന്റ് അമിത് ഷായുമായി കൂടിക്കാഴ്ചക്ക് തയാറായിരുന്നില്ല.

ശിവഗിരി മഠവുമായി നിലനിന്ന് അകല്‍ച്ച അവസാനിപ്പിച്ച് വെള്ളാപ്പള്ളി ഇപ്പോള്‍ മഠത്തില്‍ സജീവമാണ്. ശ്രീനാരായണീയരുടെ പൊതുവികാരം മാനിച്ച് ബി.ജെ.പി സഖ്യത്തില്‍ നിന്ന് പുറത്തുവരണമെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ തീരുമാനം. ഇക്കാര്യത്തില്‍ ശിവഗിരിമഠത്തിന്റെ ധാര്‍മിക പിന്തുണയുള്ളതായും പറയപ്പെടുന്നു.

അതേസമയം മകനും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുമായി ചര്‍ച്ച നടത്തി, വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ഉടന്‍ തന്നെ അനുവദിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ബി.ഡി.ജെ.എസുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ എസ്.എന്‍ ട്രസ്റ്റിന്റെ നേതാവാണെന്നും പറഞ്ഞ് അടുത്തിടെയായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുന്ന വെള്ളാപ്പള്ളി ഇനി തുറന്ന പോരിനാണ് ശ്രമിക്കുന്നത്.

ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ ചേരുമ്പോള്‍ വെള്ളാപ്പള്ളി ഉന്നയിച്ച ആദ്യ ആവശ്യമാണ് കാസര്‍കോട് കേന്ദ്രസര്‍വകലാശാലക്ക് ഗുരുവിന്റെ പേര് നല്‍കണമെന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ സര്‍വകലാശാലത്ത് ഗുരുവിന്റെ പേര് നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടിക്ക് ഈഴവ സമുദായത്തിന്റെ പിന്തുണ നഷ്ടമാകുമെന്നും അത്തരമൊരു അവസ്ഥയില്‍ ബി.ഡി.ജെ.എസ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

എന്നാല്‍ ബോര്‍ഡ്, കോര്‍പറേഷന്‍ പദവികള്‍ ലക്ഷ്യമിട്ട് ബി.ജെ.പിയുമായി ഒത്തുതീര്‍പ്പിന് തയാറായി നില്‍ക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പി ബന്ധം അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് വെള്ളാപ്പള്ളി, തുഷാറിനെ അറിയിച്ചതായാണ് സൂചന. കേരളത്തില്‍ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കാന്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും വാഗ്ദാന ലംഘനം നടത്തിയവരുമായി ഒത്തുപോകാനില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

അതേസമയം തുഷാര്‍ ഇക്കാര്യത്തില്‍ മൃദുസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ബി.ഡി.ജെ.എസിന്റെ ശക്തി തിരിച്ചറിഞ്ഞിട്ടും ബി.ജെ.പി തങ്ങളെ അവഗണിക്കുകയാണെന്നാണ് വെള്ളാപ്പള്ളിയുടെ പരാതി. താന്‍ അമിത് ഷായെ കാണാന്‍ പോകാത്തത് പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാത്തതിനാലാണെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ എസ്.എന്‍.ഡി.പിക്ക് രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടാകുമെന്നും ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

chandrika: