X

വെഞ്ഞാറമൂട് ഇരട്ടക്കൊല: പുലര്‍ച്ചെ രണ്ടിന് തെളിവെടുപ്പ്; വന്‍ സുരക്ഷ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രധാന പ്രതികളെ അര്‍ധരാത്രിയില്‍ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മുഖ്യ പ്രതികളായ സജീവ്, ഉണ്ണി എന്നിവരെയാണ് പുലര്‍ച്ചെ 2 മണിയോടെ സംഭവ സ്ഥലമായ തേമ്പാംമൂട്ടില്‍ എത്തിച്ചത്. വന്‍ സുരക്ഷാ സന്നാഹമൊരുക്കിയായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് വിവരം പുറത്തിറഞ്ഞാല്‍ നാട്ടുകാര്‍ കൂട്ടം കൂടാനും സംഘര്‍ഷത്തിനും സാധ്യതയെന്ന നിഗമനത്തിലാണ് നടപടി രാത്രിയിലാക്കിയത്.

സംഘര്‍ഷവും കൊലപാതകവും നടന്ന സ്ഥലങ്ങള്‍ പ്രതികള്‍ ചൂണ്ടിക്കാട്ടി. ഇതോടെ കൊലപാതകത്തെക്കുറിച്ച് പൊലീസിന് വ്യക്തതയായെന്നാണ് സൂചന. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്. വൈ സുരേഷന്റെയും വെഞ്ഞാറമൂട് സി.ഐ വി.കെ വിജയരാഘവന്റെയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.

ഉത്രാടദിവസം രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയതര്‍ക്കങ്ങളാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവത്തകരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

chandrika: