X

നൂഹില്‍ വര്‍ഗീയ സംഘര്‍ഷത്തിന് തുടക്കമിട്ട തീവ്ര ഹിന്ദുത്വവാദി ബിട്ടു ബജ്റംഗിയെ തള്ളിപ്പറഞ്ഞ് വി.എച്ച്.പി; ആര്‍.എസ്.എസ് ക്യാമ്പിലുള്ള ബജ്‌റംഗിയുടെ ചിത്രങ്ങള്‍ പുറത്ത്

ഹരിയാനയിലെ നൂഹില്‍ ആറുപേര്‍ കൊല്ലപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തിന് തുടക്കമിട്ട തീവ്ര ഹിന്ദുത്വവാദി ബിട്ടു ബജ്റംഗിയെ തള്ളിപ്പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). കലാപക്കേസില്‍ ബിട്ടു ബജ്റംഗി എന്ന രാജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് തങ്ങളുടെ യുവജന സംഘടനയായ ബജ്റംഗ്ദളുമായോ വി.എച്ച്.പിയുമായോ അയാള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വി.എച്ച്.പി പ്രസ്താവനയിറക്കിയത്. അതേസമയം, വിഎച്ച്.പിയുടെ അനുബന്ധ സംഘടനയായ ആര്‍.എസ്.എസിന്റെ ക്യാമ്പില്‍ ഇയാള്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഘ് പരിവാര്‍ വേദികളില്‍ ഇയാള്‍ സ്ഥിരസാന്നിധ്യവുമാണ്.

പശുവിന്റെ പേരില്‍ ആളുകളെ ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഗോരക്ഷ ബജ്റംഗ് ഫോഴ്സ് എന്ന പശുഗുണ്ടാസംഘത്തിന്റെ പ്രസിഡന്റാണ് ബിട്ടു ബജ്റംഗി. ജൂലൈ 31ന് വി.എച്ച്.പി സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് മുമ്പ് ബിട്ടു പുറത്തുവിട്ട വര്‍ഗീയ വിഡിയോയാണ് നൂഹ് കലാപത്തിന് വഴിമരുന്നിട്ടത്. വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രകോപനപരമായ വീഡിയോയിലൂടെ നൂഹിലെ വര്‍ഗീയ കലാപം ആളിക്കത്തിച്ചതിന് കലാപം, ഭീഷണിപ്പെടുത്തല്‍, സായുധ കവര്‍ച്ച, ആയുധ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ബജ്റംഗി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഫരീദാബാദിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കലാപത്തിലേക്ക് നയിച്ച വിശ്വ ഹിന്ദു പരിഷത്-ബജ്‌റംഗ്ദള്‍ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയില്‍ ബിട്ടുവും പങ്കാളിയായിരുന്നു. കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനില്‍ ഇയാള്‍ നടന്നുപോകുന്ന വീഡിയോയില്‍ ആയുധങ്ങള്‍ കാണിക്കുകയും മുസ്‌ലിംകള്‍ക്കെതിരായ പ്രകോപന ഗാനം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

webdesk13: