X

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Chandrika Web: