X

ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈമാസം 15ന് ലഡാക്കിലെ പാങ്കോങ് തടാകത്തിനരികില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദോക്‌ലാമില്‍ അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയായിരുന്നു ലഡാക്കിലെ ഏറ്റുമുട്ടല്‍.

സ്വാതന്ത്ര്യദിനത്തില്‍ ജമ്മു കശ്മീരിലെ ലഡാക്കില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെച്ചാണ് ഇരു സൈന്യവും പരസ്പരം സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലഡാക്കിലെ പോങ്കോങ് തടാകത്തിനരികിലാണ് സംഭവം. രണ്ട് ഡസനോളം വരുന്ന ഇന്ത്യ-ടിബറ്റന്‍ അതിര്‍ത്തി പൊലീസും മൂന്ന് ഡസനോളം വരുന്ന അതിര്‍ത്തി സേനയുമാണ് ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടിയത്. സൈനികര്‍ പരസ്പരം ചവിട്ടുന്നതും കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പോങ്കോങ് തടാകത്തിനരികിലൂടെ അതിര്‍ത്തിക്കകത്തേക്ക് പ്രവേശിക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. തടയാനുള്ള ഇന്ത്യയുടെ ശ്രമം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന സംഘര്‍ഷാവസ്ഥക്ക് ശേഷം പ്രദേശത്തിന്മേലുള്ള അവകാശവാദമുന്നയിച്ചുള്ള ബാനറുകള്‍ ഇരു വിഭാഗവും ഉയര്‍ത്തി. തുടര്‍ന്ന് ബ്രിഗേഡിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തിയാണ് പ്രദേശത്ത് നിന്ന് ഇരു സൈന്യവും പിന്മാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലഡാക്കില്‍ ഇത്തരത്തിലുള്ള സംഘര്‍ഷം നടക്കുന്നത്. സിക്കിമിലെ ദോക്‌ലാമില്‍ ചൈന അതിര്‍ത്തി ലംഘിച്ച് റോഡ് നിര്‍മിക്കുന്നത് ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. തുടര്‍ന്ന് മേഖലയില്‍ ഇരു സൈന്യവും ഒരു മാസമായി മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം മറ്റ് അതിര്‍ത്തികളിലേക്കും പടരുന്നത് മേഖലയിലെ സമാധാനന്തരീക്ഷത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

chandrika: