X

കര്‍ണാടകയില്‍ പിടിമുറുക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ കൂറുമാറ്റം തടയാന്‍ ഗുജറാത്ത് എം.എല്‍.എമാര്‍ക്ക് സുരക്ഷിത താവളമൊരുക്കി വാര്‍ത്തകളില്‍ ഇടം നേടിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് താഴെ തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനം. സെപ്തംബര്‍ ആദ്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. രാഹുലിന്റെ സന്ദര്‍ശനത്തോടെ പാര്‍ട്ടി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുമെന്നാണ് വിവരം.

സംസ്ഥാനത്തെ 66,000 ബൂത്ത്തല പാര്‍ട്ടി പ്രതിനിധികളുമായി രാഹുല്‍ നേരിട്ട് സംവദിക്കുന്നുണ്ട്. ഇതിനു മുമ്പ് എല്ലാ ജില്ലകളിലും ബൂത്ത് കമ്മിറ്റികള്‍ യോഗം ചേരും. നിലവില്‍ നിര്‍ജ്ജീവമായി കിടക്കുന്ന ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. ഈ മാസം അവസാനത്തോടെ പുതിയ ബൂത്ത് കമ്മിറ്റികള്‍ നിലവില്‍ വരുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് ജി പരമേശ്വര, വര്‍ക്കിങ് പ്രസിഡണ്ട് ദിനേശ് ഗുണ്ടു റാവു എന്നിവര്‍ പറഞ്ഞു.

ഇതോടൊപ്പം തന്നെ വീടുകയറിയുള്ള ഗൃഹസമ്പര്‍ക്ക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സ്വന്തം ബൂത്തുകളില്‍ ഗൃഹസമ്പര്‍ക്ക പരിപാടികളില്‍ സംബന്ധിക്കും. സിന്ദരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തന നേട്ടവും കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളും ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.

chandrika: