X

വിജയ് ഹസാരെ ട്രോഫി : അഗര്‍വാള്‍ സൂപ്പറാ , സച്ചിന്റെ 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും താരമായി മായക് അഗര്‍വാള്‍. ടൂര്‍ണ്ണമെന്റില്‍ ഉടനീളം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച മായക് ടൂര്‍ണമെന്റില്‍ ആകെ 723 റണ്‍സാണ് അടിച്ചു കൂട്ടിയത്. അഗര്‍വാളിന്റെ ബാറ്റിങ് മികവില്‍ ഇത് മൂന്നാം തവണയാണ് കര്‍ണ്ണാടക വിജയ് ഹസാരെ ട്രോഫിയില്‍ മുത്തമിട്ടത്. ഫൈനലില്‍ സൗരാഷ്ട്രക്കെതിരെ 79 പന്തില്‍ 90 നേടിയ താരം 41 റണ്‍സിന്റെ വിജയം ടീമിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായി. ഇതോടൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡു തകര്‍ക്കാനും താരത്തിനായി.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ഖ്യാതിയാണ് സച്ചിനില്‍ നിന്നും മായക് സ്വന്തം പേരിലാക്കിയത്. 2003ല്‍ സച്ചിന്‍ നേടിയ 673 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. എന്നാല്‍ ഫൈനലില്‍ നേടിയ 90 റണ്‍സിന്റെ ഇന്നിങ്‌സോടെ സച്ചിന്റെ നേട്ടം മറിക്കടക്കാന്‍ ഇരുപതിയേഴുകാരാനായി. ടൂര്‍ണമെന്റില്‍ എട്ടു മത്സരങ്ങളില്‍ നിന്നായി മൂന്ന് സെഞ്ച്വറിയും നാലു അര്‍ധസെഞ്ച്വറിയും നേടിയ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ സ്‌കോര്‍ ഇങ്ങനെയാണ് 109, 84, 28, 102, 89, 140, 81, 90.

നേരത്തെ സെമിയില്‍ മഹാരാഷ്ട്രക്കെതിരെ 81 റണ്‍സ് നേടിയതോടെ വിജയ് ഹസാരെ ട്രോഫിയില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം ദിനേശ് കാര്‍ത്തികില്‍(607റണ്‍സ് ) നിന്നും സ്വന്തം പേരിലാക്കാനും അഗര്‍വാളിനായി. രഞ്ജിട്രോഫിയില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് 105.45 ശരാശരിയില്‍ 1160 റണ്‍സുമായി ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു അഗര്‍വാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോം ദേശീയ ടീമില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം

chandrika: