X

‘വിജയഭേരി’യില്‍ മുജീബ് റഹ്മാന് ഡോക്ടറേറ്റ്, അഭിനന്ദനം!

മുജീബ് റഹ്മാന് ഡോക്ടറേറ്റ്, അഭിനന്ദനം!
ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ഫെയ്‌സ് സന്ദേശം:

‘വിജയഭേരി’യില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ടി മുജീബ് റഹ്മാന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍!

ഡോ. ടി മുജീബ് റഹ്മാന്‍ എന്റെ ദീര്‍ഘകാല സുഹൃത്തും സഹോദരസ്ഥാനീയനുമാണ്. കെഎച്ച്എസ്ടിയു എന്ന അധ്യാപക സംഘടനയിലെ എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ അദ്ദേഹം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനകൂടിയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ സിഎച്ച് മുഹമ്മദ് കോയാ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ സ്‌പോണ്‍സര്‍ ബോഡിയായ ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയുമാണ്.

ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലങ്ങളിലെ പഠന രംഗത്ത് സംസ്ഥാന ശരാശരിയേക്കാള്‍ അന്‍പത് ശതമാനം പുറകിലായിരുന്നു ഒരു കാലത്ത് മലപ്പുറം ജില്ലയിലെ വിജയശതമാനം. ആ പിന്നോക്കാവസ്ഥ പരിഹരിക്കാനും മലപ്പുറം ജില്ലയിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയാണ് ‘വിജയഭേരി’. ആവേശദായകമായ സദ്ഫലങ്ങളാണ് വിജയഭേരി മലപ്പുറത്തിന് സമ്മാനിച്ചത്. പൊതുപരീക്ഷകളില്‍ മലപ്പുറം ജില്ല മുന്നിലെത്തി. ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കി. ജില്ലയില്‍ സമ്പൂര്‍ണ വിജയം നേടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം അസൂയാവഹമായ രീതിയില്‍ വര്‍ദ്ധിച്ചു. ജില്ലയില്‍ നിന്ന് റാങ്ക് ജേതാക്കള്‍ പിറന്നു. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തില്‍ മലപ്പുറത്തെ കുട്ടികളുടെ അഭിമാനകരമായ നേട്ടങ്ങളെ വിദ്യാഭ്യാസ ലോകം കലവറയില്ലാതെ അഭിനന്ദിച്ചു. വിജയഭേരി പദ്ധതിയുടെ തുടക്കകാലത്ത് അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഒരംഗമെന്ന നിലയിലുള്ള അഭിമാനം ഈ സന്ദര്‍ഭത്തില്‍ ആനുഷംഗികമായി രേഖപ്പെടുത്തുന്നു.

വിജയഭേരി പദ്ധതിയെ കുറിച്ചുള്ള ഗവേഷണത്തിനാണ് പ്രിയപ്പെട്ട മുജീബ് മാസ്റ്റര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നേട്ടം എനിക്ക് വ്യക്തിപരമായി ഏറെ അഭിമാനവും ആഹ്ലാദവും പകരുന്ന ഒന്നാണ്. പഠന ഗവേഷണങ്ങളിലൂടെ അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത അറിവും അനുഭവങ്ങളും, ഒരു അധ്യാപകന്‍ എന്ന നിലയിലും വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്യുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹത്തിന് ഏറെ പ്രയോജനം ചെയ്യും. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ പുതിയ കാഴ്ചപ്പാടും സമീപനവും സ്വീകരിക്കാന്‍ അത് സഹായകമായിത്തീരും. ആ അര്‍ത്ഥത്തില്‍, അദ്ദേഹത്തിന്റെ നേട്ടം സമൂഹത്തിനാകമാനം പ്രയോജനപ്പെടുന്ന ഒന്നാണ്. മുജീബ് മാസ്റ്റര്‍ കൈവരിച്ച ഈ നേട്ടവും അംഗീകാരവും അദ്ദേഹത്തിന് വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രേരണയായി മാറട്ടെ! അതോടൊപ്പം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്തും പുതിയ ഊര്‍ജവും പ്രചോദനവുമായി മാറട്ടെ എന്നും ആത്മാര്‍ത്ഥമായി ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

Chandrika Web: