X

വിനായകന്‍; കമ്മട്ടിപാടത്തിന്റെ മുത്ത്

കൊച്ചി: രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കൃഷ്ണനായിരുന്നുവെങ്കിലും, ചിത്രം കണ്ട പ്രേക്ഷകരില്‍ നായക സ്ഥാനം നേടിയത് ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനായിരുന്നു. ചേരിയില്‍ ജീവിക്കുന്ന സാമൂഹ്യ വിരുദ്ധനായ ഒരു യുവാവിന്റെ തീവ്ര ഭാവങ്ങളാല്‍, ജനിച്ചു വളര്‍ന്ന സ്വന്തം നാടിന്റെ കഥ പറഞ്ഞ സിനിമയില്‍ തകര്‍ത്തഭിനയിക്കുകയായിരുന്നു എറണാകുളം കമ്മട്ടിപാടം സ്വദേശിയായ വിനായകന്‍. സ്വന്തം ജീവിതത്തിന്റെ അനുഭവ പാഠങ്ങളിലൂടെയായിരുന്നു കമ്മട്ടിപ്പാടത്തിന്റെ കാമറക്ക് മുന്നില്‍ വിനായകന്‍ നിന്നത്. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു ഗംഗ. അടിയന്തിരാവസ്ഥ കാലത്തിന് ശേഷം അതിവേഗം വികസിക്കാന്‍ കൊതിച്ച ഒരു നഗരത്തിന്റെ കഥയായിരുന്നു കമ്മട്ടിപാടം പറഞ്ഞത്. ഈ ചിത്രത്തിലെ പ്രകടനത്തിന് പോയ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് വിനായകന് ലഭിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകളും നടന്നിരുന്നു. 2016ലെ മലയാള സിനിമകളിലെ ഏറ്റവും ഉജ്വലമായ പ്രകടനമായിരുന്നു താരത്തിന്റേത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇനിയും മൂല്യം നിലനില്‍ക്കണമെങ്കില്‍ വിനായകന് പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നു. മലയാള സിനിമയുടെ സമകാലിക ചരിത്രത്തില്‍ ഒരു നടനു വേണ്ടി പ്രേക്ഷകര്‍ ഒരേ മനസോടെ ആര്‍പ്പുവിളിക്കുന്നതും അവാര്‍ഡിനായി മുറവിളി കൂട്ടുന്നതും അപൂര്‍വ കാഴ്ച്ചയായി. പക്ഷേ, ചാനലുകള്‍ അവാര്‍ഡുകളില്‍ നിന്ന് വിനായകനെ തഴഞ്ഞു, ഇതോടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചരിത്രത്തിലെ തന്നെ ഏറ്റവും നീതിയുക്തമായ അവാര്‍ഡാണ് മികച്ച നടനിലൂടെ ഇത്തവണ വിനായകനെ തേടിയെത്തിയത്. നെഗറ്റീവ് റോളില്‍ പെര്‍ഫെക്ട് അഭിനയം നടത്തുന്ന ഒരു നടന്‍ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കുന്നത് മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യമാവാം. ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമാപാരഡീസോ ക്ലബ്ബ് ദിവസങ്ങള്‍ക്കു മുമ്പ് കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകനെ മികച്ച നടനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഓഡിയന്‍പോളിലൂടെയും ജൂറി വിലയിരുത്തലിലൂടെയുമായിരുന്നു പുരസ്‌കാരം.

മഹാരാജാസില്‍ നിന്ന് സിനിമ രംഗത്തേക്കെത്തി പ്രശസ്തി നേടിയവര്‍ക്ക് മുമ്പ് തന്നെ വിനായകന്‍ സിനിമയില്‍ സജീവമായിരുന്നു. 1994ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഇതിനു മുമ്പ് ബ്ലാക്ക് മെര്‍ക്കുറി എന്ന ഗ്രൂപ്പിനൊപ്പം ഫയര്‍ ഡാന്‍സിലൂടെ ഉത്സവവേദികളില്‍ സജീവമായിരുന്നു. താരത്തിന്റെ ഫയര്‍ ഡാന്‍സ് കണ്ടാണ് തമ്പി കണ്ണന്താനം മാന്ത്രികത്തിലേക്ക് ക്ഷണിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഒന്നാമനിലും തമ്പി കണ്ണന്താനം വിനായകനെ അഭിനയിപ്പിച്ചു. പക്ഷേ രണ്ടു കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല,
ഇടയ്ക്ക് സിനിമയോട് അകലം പാലിച്ച വിനായകനെ ചതിക്കാത്ത ചന്തു, വെള്ളിത്തിര, ചിന്താമണികൊലക്കേസ്, ഛോട്ടോ മുംബൈ, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ക്വട്ടേഷന്‍, ഡാഡി കൂള്‍ തുടങ്ങിയ സിനിമകളിലൂടെ പതിയെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. ബെസ്റ്റ് ആക്ടറിലെയും ബാച്ചിലര്‍ പാര്‍ട്ടിയിലെയും കഥാപാത്രങ്ങള്‍ കരിയറിലെ വഴിത്തിരിവായി. കലിയിലെയും കമ്മട്ടിപ്പാടത്തിലെയും കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലും സ്ഥാനം പിടിച്ചു. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വിനായകന്‍. കമ്മട്ടിപാടം എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ഈണം നല്‍കി സംഗീത സംവിധായകന്റെ റോളിലും തിളങ്ങി.

chandrika: