X
    Categories: MoreViews

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു; സ്ഥാനാര്‍ഥിക്കുനേരെ ബോംബേറ്, പലയിടങ്ങളിലും വ്യാപക ആക്രമണങ്ങള്‍

കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് രാവിലെ 7 മണിയോടെ ആരംഭിച്ചു. 621 ജില്ലാ പരിഷത്തുകളിലും 6157 പഞ്ചായത്ത് സമിതികളിലും 31,827 ഗ്രാമ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈകുന്നേരം 5 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. തെരഞ്ഞെടുപ്പില്‍ മുമ്പ് നടന്നിട്ടുള്ള അക്രമങ്ങളെ കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കാനായി 46000 പശ്ചിമ ബംഗാള്‍ പൊലീസിനേയും 12000 കൊല്‍ക്കത്ത പൊലീസിനേയും വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 1500 സുരക്ഷാ ഉദ്യോഗസ്ഥരേകൂടി തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് കടുത്ത അക്രമങ്ങളാണ് അഴിച്ചുവിട്ടത്.

അതേസമയം പലയിടങ്ങളിലും ആക്രമസംഭവങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഒരു വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പത്തു സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനലിന്റെ വാനിനു നേരെയും ആക്രമണമുണ്ടായി.

 

പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തെ തുടര്‍ന്ന് മറ്റുപാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. അതിനാല്‍ തെരഞ്ഞെടുപ്പിനെ മുമ്പു തന്നെ പശ്ചിമബംഗാള്‍ പഞ്ചായത്തുകളില്‍ 34% സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട സുപ്രീം കോടതി, മത്സരം നടക്കാത്ത സീറ്റുകളിലെ ഫലങ്ങള്‍ പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് 17 ന് വോട്ടെണ്ണല്‍.

chandrika: