X
    Categories: Views

വിരാത് കോലിയുടെ പക്വയാത്ര

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനെ നയിക്കാറുള്ള വിരാത് കോലിയിലെ നായകന്‍ ക്ഷുഭിതനും ആക്രമണകാരിയുമായിരുന്നു. സഹതാരമായ ഗൗതം ഗാംഭിറിനെ തല്ലാന്‍ പോലും തയ്യാറായി നിന്ന ആ നായകനെ നോക്കി കപില്‍ദേവ് പറഞ്ഞിരുന്നു-ഇത് മാന്യന്മാരുടെ ഗെയിമാണെന്ന് എല്ലാവരും അതോര്‍ക്കുന്നത് നല്ലതാണെന്നും. ഇത് പഴക്കമുള്ള ഒരു ചിത്രം. ഇപ്പോള്‍ നോക്കുക-വിരാത് കോലിയിലെ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ഇന്നലെ വാംഖഡെയില്‍ ഇംഗ്ലീഷ് വാലറ്റക്കാരന്‍ ജെയിംസ് ആന്‍ഡേഴ്‌സണും രവിചന്ദ്രന്‍ അശ്വിനും തമ്മില്‍ ഒന്ന് ഉടക്കിയപ്പോള്‍ ഉടന്‍ േഓടിയെത്തി രണ്ട് പേരെയും ശാന്തരാക്കുന്ന കാഴ്ച്ച…

കോലി മാറുകയാണ്. ക്ഷിപ്ര കോപിയില്‍ നിന്നും പക്വമതിയിലേക്ക്. വാംഖഡെയില്‍ അദ്ദേഹം നേടിയ ഡബിള്‍ സെഞ്ച്വറി നോക്കുക-പന്തുകളെ അറിഞ്ഞും പഠിച്ചുമുളള ഷോട്ടുകളില്‍ ഉത്തരവാദിത്ത്വത്തിന്റെ കാര്‍ക്കശ്യമുണ്ടായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ദേശീയ ടീം കോച്ച് അനില്‍ കുംബ്ലെ പറഞ്ഞതാണ് യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നത്-വിരാത് നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പഴയകാല ഇന്ത്യന്‍ ടീമുകളുമായി താരതമ്യം ചെയ്യുന്നില്ല. പക്ഷേ ഈ ടീമിന് ഏറ്റവും മികച്ച ടീമായി മാറാനുളള എല്ലാ കരുത്തുമുണ്ട്. കുംബ്ലെയുടെ ഈ വാക്കുകളുടെ മാഹാത്മ്യവും ശ്രദ്ധിക്കണം. ഇന്ത്യ കണ്ട മികച്ച ലെഗ് സ്പിന്നര്‍ മാത്രമായിരുന്നില്ല കുംബ്ലെ. ഇന്ത്യയുടെ എത്യോ നായകര്‍ക്ക് കീഴില്‍ കളിച്ച താരം. ഒടുവില്‍ അദ്ദേഹം തന്നെ ടീമിന്റെ നായകനായി. അസ്ഹറുദ്ദീനും സച്ചിനും ദ്രാവിഡും സൗരവുമെല്ലാം നയിച്ച ഇന്ത്യയില്‍ നിന്നും വലിയ അന്തരമിപ്പോള്‍ കോലിയുടെ ഇന്ത്യയില്‍ കുംബ്ലെ കാണുന്നില്ല. പക്ഷേ അദ്ദേഹം പറയുന്നു-ഈ ടീമിന്റെ പോരാട്ടവീര്യമൊന്ന് നോക്കു.

രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോല്‍വി മുഖത്തായിരുന്നു. അവസാന ദിവസം തോല്‍വിക്കും സമനിലക്കുമിടയില്‍ ടീമിനെ പിടിച്ചുനിര്‍ത്തിത് കോലിയും ജഡേജയുമായിരുന്നു. ആ മല്‍സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ഒരു മല്‍സരത്തെ എങ്ങനെ സമനിലയില്‍ എത്തിക്കാമെന്ന് പഠിച്ചു എന്നാണ്. രാജ്‌ക്കോട്ടിലെ ട്രാക്കില്‍ സ്പിന്നുണ്ടായിട്ടും അവസാന ദിവസത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് പിടിച്ചുനിന്നെങ്കില്‍ അവിടെ കണ്ടത് ടീമിനെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ക്യാപ്റ്റനെ. വിശാഖപ്പട്ടണത്തായിരുന്നു രണ്ടാം ടെസ്റ്റ്. ആദ്യമായി ടെസ്റ്റ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്ന മൈതാനത്തിന്റെ സ്വാഭവത്തെക്കുറിച്ച് വ്യക്തമായ രൂപമില്ലാതിരുന്നിട്ടും കോലിയിലെ നായകന്‍ ഭംഗിയായി ടീമിനെ നയിച്ച് വിജയം നേടി.

ഇംഗ്ലീഷുകാര്‍ക്ക് പേസ് പ്രതീക്ഷയുണ്ടായിരുന്നു മൊഹാലിയിലെ പി.സി.എ സ്റ്റേഡിയത്തില്‍. പക്ഷേ അവിടെയും കരുത്ത് പ്രകടിപ്പിച്ചത് കോലിയിലെ നായകന്‍. ഇന്നലെ വാംഖഡെയില്‍ വിജമുറപ്പിച്ച നിമിഷത്തിലും പഴയത് പോലെ തുള്ളി ചാടാതെ പക്വമതിയായി വിജയത്തെ ആശ്ശേഷിച്ചതിലുണ്ട് കോലിയിലെ മാറ്റങ്ങള്‍. തലവേദനകള്‍ അദ്ദേഹത്തിന് കുറവാണ്. സീനിയേഴ്‌സ് പ്രശ്‌നങ്ങളില്ല. ബാറ്റിംഗില്‍ വിശ്വസിക്കാന്‍ കഴിയുന്നവരാണ് എല്ലാവരും. മുന്നില്‍ നിന്ന് നയിച്ചാല്‍ മാത്രം മതി. പേസര്‍മാരില്‍ എല്ലാവരും ശരാശരിക്കാരാണെങ്കില്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവര്‍. സ്പിന്നര്‍മാരില്‍ അശ്വിനെ കൂടാതെ രവീന്ദു ജഡേജയും ഓള്‍റൗണ്ട് കരുത്ത് കാണിച്ച സുനില്‍ യാദവും. അനില്‍ കുംബ്ലെയിലെ പരിശീലകനാവട്ടെ വഴിവിട്ട് ഇടപെടുന്നില്ല. കൃത്യമായി കാര്യങ്ങളെ പഠിക്കുന്നു. തലവേദനകള്‍ ഇല്ലാതെ കളിക്കാനാവുന്നതിന്റെ ലക്ഷണങ്ങളാണ് സ്വന്തം ബാറ്റിലൂടെ മൈതാനത്ത് കോലി തെളിയിക്കുന്നത്. വലിയ ഭാവി മുന്നിലുള്ളതിനാല്‍ സധൈര്യം അദ്ദേഹത്തിന് മുന്നേറാം.

chandrika: